സ്ത്രീയായി പിറക്കാത്തതിന് ദൈവത്തിന് നന്ദി പറയുന്ന ഒരു പാരമ്പര്യത്തില്‍നിന്ന് സ്ത്രീയെ മാനിക്കുന്ന ഒരു പാരമ്പര്യത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിച്ചത് മറിയത്തില്‍ നിന്നായിരുന്നു. വണങ്ങപ്പെടേണ്ടവളും ആദരിക്കപ്പെടേണ്ടവളും സ്തുതിക്കപ്പെടേണ്ടവളുമാണ് സ്ത്രീ എന്ന് നാം മനസ്സിലാക്കിയത് മറിയത്തില്‍ നിന്നുള്ള പ്രകാശത്തില്‍ നിന്നാണ്. പഴയനിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തിത്വമുള്ള അനേകം സ്ത്രീപാത്രങ്ങളെ തന്നെ നിഷ്പ്രഭമാക്കിക്കളഞ്ഞു മറിയം എന്ന സമാധാനദൂതിക. എല്ലാ സ്ത്രീകള്‍ക്കും മേലായി നില്ക്കുന്ന സൂര്യതേജസാണവള്.
എന്നിട്ടും ഒരു സാധാരണക്കാരി സ്ത്രീ അനുഭവിക്കുന്ന അവഗണനയുടെയും അവമതികളുടെയും സമസ്തമേഖലകളിലൂടെയും അവള്‍ക്ക് കടന്നുപോവേണ്ടി വന്നു. അത് സ്വയംകൃതാനര്‍ത്ഥ ഫലമായിരുന്നില്ല ദൈവഹിതം തന്നെയായിരുന്നു. അതിനെ ചോദ്യം ചെയ്യാതിരിക്കാനുള്ള ഹൃദയസന്നദ്ധതയാണ് അവളെ സ്ത്രീകളില്‍ അനുഗ്രഹീതയാക്കിയത്. ദൈവത്താല്‍ പൂരിതയാവുകയും ദൈവത്താല്‍ അഭിഷിക്തയാവുകയും ചെയ്തിട്ടും ദൈവപുത്രനെ പ്രസവിക്കാന്‍ അവള്‍ക്ക് സുരക്ഷിതവും മാന്യവുമായ ഒരിടം കിട്ടാതെ വരുന്നതിലെ ഐറണി ആരെയാണ് ചിന്തിപ്പിക്കാത്തതായുള്ളത്?
നീതിമാന് എന്തിന് ദൈവത്താല്‍ പീഡിപ്പിക്കപ്പെടുന്നു എന്നതിലെ സംശയങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിടാന്‍ കഴിയുന്ന ഒരുത്തരവും നമുക്ക് ലഭിച്ചിട്ടില്ലെന്നോര്‍ക്കണം.
ഏറെ കഴിവുകളും സാധ്യതകളുമുള്ള ഒരാള്‍ ഏറെ അടിച്ചമര്‍ത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നതുപോലെയുള്ള സര്വ്വസാധാരണത്തമാണ് മറിയത്തെപ്പോലുള്ള ഒരു വിശുദ്ധ കന്യകയ്ക്കും നേരിടേണ്ടി വന്നത്.
ഒരാളിലെ നന്മ എത്രയധികമുണ്ടോ അത്രയധികം അയാള്‍ തിന്മയുടെ പരീക്ഷണത്തിന് വിധേയമാവുക തന്നെ ചെയ്യും. ഒരുപക്ഷേ തനിക്ക് പിന്നാലെയുള്ള നൂറ്റാണ്ടുകളിലെ നന്മനിറഞ്ഞ സ്ത്രീസമൂഹത്തിന്, തെറ്റുചെയ്യാതെയും ഒരാള്‍ തെറ്റിദ്ധരിക്കപ്പെടുകയും നന്മനിറഞ്ഞിട്ടും സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ ആശ്വസിക്കാനും മാതൃകയാക്കാനും കഴിയുന്നവിധത്തിലുള്ള ദൈവത്തിന്റെ അപരിമേയമായ സൃഷ്ടിതന്നെയായിരുന്നു മറിയം.
ദൈവത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവളായിട്ടും ദൈവം അവള്‍ക്ക് ഒരാനുകൂല്യവും നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്. നമ്മളാവട്ടെ ചില പാര്ഷാലിറ്റി അനുഭാവമുള്ളവരോട് കാണിക്കാറുണ്ട്. പ്രിയപ്പെട്ട മകന് അവധിക്കെത്തുമ്പോള്‍ ഒപ്പമുള്ള എല്ലാ മക്കളെയും അപ്രസക്തരാക്കിക്കൊണ്ട് അവന് പ്രത്യേകമായി ചിലതൊക്കെ വച്ചുവിളമ്പുന്ന ഒരമ്മ… തന്നോട് ചായ്വുള്ള സഹപ്രവര്ത്തകന് അനുകൂലമായി എപ്പോഴും വിധി നടപ്പിലാക്കുന്ന അധികാരി… ഇങ്ങനെയെത്ര ഉദാഹരണങ്ങള്‍…
എന്നിട്ടും ദൈവം മറിയത്തിന് നേരെ അവള് നേരിടേണ്ടി വരുന്ന പ്രാതികൂല്യങ്ങള്ക്കെല്ലാം നേരെ കണ്ണടയ്ക്കുന്നു. ജോസഫിന്റെ അടുത്തേക്ക് മാലാഖയെ അയ്ക്കുന്നതിലപ്പുറമായി അവള്‍ക്കൊരാശ്വാസമായി ദൈവം മറ്റൊരിടത്തും അവളുടെ ജീവിതത്തില്‍ ഇടപെടുന്നുമില്ല. ആ മാലാഖ ഒരുപക്ഷേ ദൈവത്തിന്റെ കൂടെ ആവശ്യമായിരുന്നു. ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ എന്നും മനുഷ്യന് വേണമായിരുന്നു. അതുകൊണ്ടാണ് മാലാഖമാരെക്കാള്‍ അല്പംമാത്രം താഴ്ത്തി ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്ന് നമ്മള് വിശ്വസിക്കുന്നത്.
ക്
രിസ്തു കാല്വരിയാഗത്തിന് മുമ്പ്, താന്‍ വിളിച്ചാല്‍ തന്നെ രക്ഷിക്കാനായി പിതാവ് ദൂതവ്യൂഹത്തെ അയച്ച് തന്നെ രക്ഷിക്കുമായിരുന്നില്ലേ എന്ന് ചോദിച്ചതുപോലെ വിളിച്ചപേക്ഷിച്ചാല്‍ ദൈവം തന്നെയും രക്ഷിക്കുമായിരുന്നുവെന്ന് മറിയത്തിനറിയാമായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ പോലും ദൈവഹിതം നടപ്പാക്കുന്നതിന് തടസ്സമാകരുതെന്ന് കരുതി മൗനത്തില്‍ മുദ്രിതമാകുകയാണ് മറിയം.
മറിയമില്ലായിരുന്നുവെങ്കില്‍ നമ്മുടെ പാവം പെണ്ണുങ്ങള് എന്തുചെയ്യുമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവര്‍ ആരില്‍ ആശ്വസിക്കുകയും അഭയം തേടുകയും ചെയ്യുമായി
രുന്നു?
മാതാവിന്റെ മുമ്പില്‍ തിരികള്‍ കത്തിച്ചും നെടുവീര്‍പ്പെട്ടും നൊവേനകള്‍ അര്‍പ്പിച്ചും കണ്ണീ രൊഴുക്കിയും അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഹൃദയഗതങ്ങളുടെ അര്‍ച്ചന തന്നെയാണ് നടക്കുന്നത്. വിശുദ്ധകന്യകയും ദൈവമാതാവും നിര്മലജനനിയുമായ മറിയം പോലും ഇത്രമാത്രം പ്രാതികൂല്യങ്ങളിലൂടെ കടന്നുപോയെങ്കില്‍ കൈതവം നിറഞ്ഞ തങ്ങളുടെ ജീവിതത്തില്‍ വന്നുഭവിക്കുന്നതിനൊന്നിനും ദൈവനീതിയെ ചോദ്യം ചെയ്യേണ്ടതില്ല എന്ന് ആശ്വസിക്കാനുള്ള ത്രാണിയെങ്കിലും അവര്‍ മറിയത്തില്‍നിന്ന് ആര്‍ജ്ജിച്ചെടുക്കുന്നുണ്ട്.
ഏതൊരു സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും നട്ടെല്ലാണ് സ്ത്രീ. ജനനത്തിന്റെ മഹാരഹസ്യങ്ങള്ക്കായി ദൈവം സ്ത്രീയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസവിക്കുന്നവള്‍ എന്നാണ് സ്ത്രീശബ്ദത്തിന്റെ അര്‍ത്ഥം തന്നെ. സ്ത്രീയില്ലെങ്കില്‍ ഈ പ്രപഞ്ചമില്ല. എന്നിട്ടും സ്ത്രീയെ മനസ്സിലാക്കാന്‍ നമ്മുടെ സമൂഹത്തിന് പലപ്പോഴും കഴിയാറില്ല.
ഏതൊരു സമൂഹത്തിന്റെയും മാന്യതയും സംസ്കാരവും വിലയിരുത്തപ്പെടുന്നത് അവര്‍ സ്ത്രീക്കും കുഞ്ഞുങ്ങള്‍ക്കും നല്കുന്ന പരിഗണനയുടെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്. അങ്ങനെയെങ്കില്‍ നമ്മുടെ സമൂഹം എത്രമാത്രം സംസ്കാരമാണെന്ന് ഓരോരുത്തരും ചോദിക്കേണ്ടിയിരിക്കുന്നു.