നോട്ടം

“ഞങ്ങളുടെ നേരെ നോക്കുക “
(അപ്പസ്തോല പ്രവർത്തനങ്ങൾ 3:4)

സുന്ദര കവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു
” ഞങ്ങളുടെ നേരെ നോക്കുക.”

ഒരു നോട്ടത്തിൽ എന്തിരിക്കുന്നു എന്ന് നമ്മൾ ഒരു പക്ഷേ ചിന്തിക്കും.
എന്നാൽ …ഒരു നോട്ടത്തിലാണ് എല്ലാം ആരംഭിക്കുന്നതെന്ന് പത്രോസിനറിയാം.
കാരണം……. ക്രിസ്തുവിനെ
തള്ളി പറഞ്ഞതിനു ശേഷം..,
കോഴി കൂവിയ ആ പുലർവെട്ടത്തിൽ
അവൻ അത് വേദനയോടെ അനുഭവിച്ചറിഞ്ഞതാണ്.

“കർത്താവ് പത്രോസിൻ്റെ നേരെ തിരിഞ്ഞ് അവനെ നോക്കി .”‘
(ലൂക്കാ 22 : 61 )

ക്രിസ്തു നോക്കിയ ഓരോ വ്യക്തിയിലും മാറ്റങ്ങൾ സംഭവിച്ചിരുന്നു.
അത്താഴ മേശയിൽ വഞ്ചനയുടെ ചുംബനം കാത്തു സൂക്ഷിച്ചവൻ്റെ നേരെയും
അവൻ്റെ നോട്ടം കടന്നു വന്നിരുന്നു.
ഒരോർമ്മപ്പെടുത്തൽ പോലെ…..

കുടുംബ ബന്ധങ്ങളിലും സമൂഹ ബന്ധങ്ങളിലും നാം ഓരോ ദിനവും
എത്രയോ പേരെ നോക്കുന്നു.

എത്രയോ തവണ ദേവാലയത്തിലെ അൾത്താരയിലേക്ക് നോക്കി
തോരാത്ത കണ്ണീരുമായി നീ നിന്നിട്ടുണ്ട് …?
മദ്ബഹയിലെ കാഴ്ച്ചകൾക്കും അലങ്കാരക്കൂട്ടുകൾക്കുമപ്പുറം
‘ക്രൂശിതൻ്റെ കണ്ണിലേക്ക് ‘ എപ്പോഴെങ്കിലും
നീ നോക്കിയിട്ടുണ്ടോ…?

തിരിച്ചറിയപ്പെടേണ്ടത് എൻ്റെയും നിൻ്റെയും കാഴ്ച്ചകളെയാണ്.
ഈ തിരക്കുള്ള ജീവിതയാത്രയിൽ കാഴ്ച്ചകളെ ഉൾക്കാഴ്ച്ചകളാക്കി
മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അപരനെ വിശുദ്ധീകരിക്കുന്ന,
മുറിവുണക്കുന്ന ഒരു ‘നോട്ടം’
നിന്നിൽ ഉണ്ടാവട്ടെ.

✍🏻Jincy Santhosh