പദ്ധതികൾ

ജലപ്രളയത്തിനു മുമ്പ് ,
നോഹ നീതിമാനും ആ തലമുറയിലെ കറയറ്റ മനുഷ്യനുമായിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ ….ദൈവിക പദ്ധതി പ്രകാരം ജലപ്രളയത്തെ അതിജീവിച്ചതിനു ശേഷം നോഹ ആത്മീയ ജീവിതത്തിൽ ജാഗ്രതയില്ലാത്തവനും അലസനുമായി തീർന്നു.
ദൈവത്തിൽ ആനന്ദിച്ചിരുന്നവൻ വീഞ്ഞിൻ്റെ ലഹരിയിൽ ആനന്ദിക്കുവാൻ തുടങ്ങി.

ചില ദൗത്യങ്ങൾ പൂർത്തീകരിച്ചു കഴിയുമ്പോഴുണ്ടാകുന്ന ആത്മീയ ആലസ്യം ദൈവിക പദ്ധതികൾക്ക് തടസ്സം സൃഷ്ടിക്കുന്നു.

ഈ ഭൂമിയിൽ ഒരു വ്യക്തിയെക്കുറിച്ചുള്ള ദൈവിക പദ്ധതികൾ അവസാനിച്ചാൽ ,പിന്നീട്…
ആ വ്യക്തി ഈ ഭൂമുഖത്തുണ്ടാവുകയില്ല.
അതായത് … ഞാനും നിങ്ങളും ഇന്നും ജീവിച്ചിരിക്കുന്നുണ്ട് എന്നതിനർത്ഥം ,
നമ്മളെക്കുറിച്ച് കർത്താവിന് ഇനിയും എന്തൊക്കെയോ പദ്ധതികൾ അവശേഷിക്കുന്നു എന്നതാണ്.

ഒരു ദൗത്യം വിജയകരമായി പൂർത്തീകരിച്ചു കഴിയുമ്പോൾ ശരീരത്തിനും മനസിനും ആത്മാവിനും സ്വസ്ഥത നല്കി ബലപ്പെടുത്തുന്നത് ഉല്ലാസ പരിപാടികളോ ആഘോഷങ്ങളോ അല്ല.
ദൈവസാന്നിധ്യത്തിൽ സ്വസ്ഥമായിരിക്കുന്നതാണ്.
ദൈവമക്കളുടെ യഥാർത്ഥ വിശ്രമസ്ഥലം ദൈവസന്നിധിയാണ്.

റിട്ടയർ ചെയ്തതു കൊണ്ടോ മക്കളുടെ ഭാവി സുരക്ഷിതമായതുകൊണ്ടോ ആരുടെയും ജീവിത ദൗത്യം തീരുന്നില്ല.
പ്രായം കൂടി, ആരോഗ്യം ക്ഷയിച്ചു….
ഇതൊന്നും ദൈവനിയോഗങ്ങൾ അവസാനിച്ചു എന്നതിൻ്റെ അടയാളങ്ങളുമല്ല.
ദൈവമക്കളുടെ റിട്ടയർമെൻ്റ് സമയം അവരുടെ മരണസമയമാണ്.

ഇനിയൊന്നും ചെയ്യാനില്ല എന്ന് തോന്നുന്നത് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടല്ല.
ചെയ്യേണ്ടതെന്താണെന്ന് തിരിച്ചറിയാൻ കഴിയും വിധം ദൈവസന്നിധിയിൽ സ്വസ്ഥത കണ്ടെത്താത്തതുകൊണ്ടാണ്.

അതിനാൽ ,…. ഓർമ്മിക്കുക.
ഒരു നിയോഗത്തിൻ്റെ പൂർത്തീകരണത്തിനു ശേഷമുള്ള സമയം അടുത്ത നിയോഗം ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിൻ്റെ സമയമാണ്.

“തന്‍െറ ഹിതമനുസരിച്ച്‌, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്‍െറ പദ്‌ധ തിയനുസരിച്ച്‌ അവനില്‍ നമ്മെമുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു.
ഇത് ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി ച്ച നാം അവന്‍െറ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്‌.”

( എഫേസോസ്‌ 1 : 11 ,12 )

✍🏻Jincy Santhosh