” യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. “
(മത്തായി 4:12 )
ക്രിസ്തു തൻ്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് പലപ്പോഴും പിൻവാങ്ങിയതായി,
പുറകോട്ടു മാറിയതായി …..
സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
സ്നാപക യോഹന്നാനെ ഹേറോദോസ് ബന്ധിച്ചെന്നറിഞ്ഞപ്പോൾ ക്രിസ്തു ഗലീലിയിൽ നിന്ന് പിൻവാങ്ങി.
സിനഗോഗിൽ വച്ച് ആളുകൾ അവനെ ബന്ധിക്കാൻ ആലോചിക്കുന്നതറിഞ്ഞ് സാഹസം കാട്ടാതെ ക്രിസ്തു അവിടെ നിന്ന് പിൻ വാങ്ങി.
അപ്പം വർദ്ധിപ്പിച്ചപ്പോൾ ജനം അവനെ രാജാവാക്കാൻ ഒരുങ്ങിയപ്പോഴും ക്രിസ്തു അവിടെ നിന്നും പിൻവാങ്ങി.
ജീവിതത്തിൽ നമ്മൾ പഠിച്ചതും പഠിപ്പിക്കുന്നതും മുന്നേറണം എന്നാണ്.
എന്നാൽ ക്രിസ്തു പഠിപ്പിക്കുന്നത്
ചില ബന്ധനങ്ങളിൽ നിന്ന് …,
ചില അപകടകെണികളിൽ നിന്ന് …
പുറകോട് മാറി നിൽക്കണം എന്നാണ്.
ജീവിതത്തിൻ്റെ താളുകൾ ഒന്നു പുറകോട്ടു മറിച്ചു നോക്കിയാൽ……
ചില അവസരങ്ങളിൽ രണ്ട് ചുവട് പുറകോട്ടു മാറിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നും,
എൻ്റെ പിൻവാങ്ങലിലൂടെ ചില പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും തിരിച്ചറിയാം.
വിവേകപൂർണ്ണമായ പിൻവാങ്ങലുകൾ
അടുത്ത കുതിപ്പിന് ശക്തി പകരും.
പുറകോട്ടു ചുവടുവയ്ക്കുന്നത് തോൽവിയല്ല.
മറിച്ച്; വിജയം ഉറപ്പിക്കലും,
വിജയത്തിലേക്കുള്ള കുതിപ്പിൻ്റെ
ഒരുക്ക കാലഘട്ടവുമാണന്ന് തിരിച്ചറിയുക.
കർത്താവും ദൈവവുമായ ക്രിസ്തുവിന് രണ്ട് ചുവട് പുറകോട്ട് വയ്ക്കാമെങ്കിൽ…,
നമുക്ക് രണ്ടല്ല, നാലും നാല്പതും ചുവട്
പുറകോട്ട് വയ്ക്കാൻ മടിക്കാതിരിക്കാം.
✍🏻Jincy Santhosh