ഇന്നേറ്റവും കൂടുതലായി പ്രചരിപ്പിക്കപ്പെടുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രമുണ്ടല്ലോ ആ ചിത്രവുമായി ബന്ധപ്പെട്ട് നാം എല്ലാവരും ഓര്‍മ്മിക്കുന്ന വിശുദ്ധയാണ് മേരി അലക്കോക്ക്. തിരുഹൃദയഭക്തി ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ നിലവിലുണ്ടായിരുന്നുവെങ്കിലും അവയ്ക്ക് വ്യാപകമായ പ്രചാരവും ഭക്തിയും ഉണ്ടായത് മേരി അലക്കോക്കിനുണ്ടായ സ്വകാര്യ വെളിപാടുകളെ തുടര്‍ന്നായിരുന്നു.
എങ്കിലും ആ വെളിപ്പെടുകള്ക്കു പോലും ആദ്യം അത്ര സ്വീകാര്യത ലിച്ചിരുന്നില്ല, പക്ഷേ 1920 മെയ് 13 ന് മേരി അലക്കോക്കിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതോടെ തിരുഹൃദയഭക്തിക്ക് പ്രചാരമേറി. മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അപരിമേയമായ സ്നേഹം വ്യക്തമാക്കപ്പെട്ടത് തിരുഹൃദയത്തിലൂടെയാണെന്ന സത്യം വിശുദ്ധയുടെ വെളിപാടുകള്‍ നമ്മോട് പറഞ്ഞു. ഹൃദയം ശരീരത്തിന് വെളിയിലായുള്ള ക്രിസ്തുവിന്റെ ചിത്രങ്ങള്‍ അവിടുത്തേക്ക് നമ്മുടെ സ്നേഹം അടക്കിവയ്ക്കാന്‍ കഴിയുന്നതല്ല എന്നതിന്റെ പ്രതീകമാണ്.
നമ്മുടെ ദൈവം അകലെയുള്ള ദൈവമല്ല നമ്മോടുകൂടെയുള്ളവനും അടുത്തിരിക്കുന്നവനുമാണെന്ന് പുതിയ കാലത്തിന് പറഞ്ഞുതന്നത് ഈ വിശുദ്ധയാണ്.