“നീ എന്നെ തടയരുത്”
( പുറപ്പാട് 32 : 10 )
സൃഷ്ടാവായ ദൈവം തൻ്റെ സൃഷ്ടിയായ മോശയോട് അരുൾ ചെയ്ത വചനമാണിത്.
സൃഷ്ടാവായ ദൈവം സൃഷ്ടികളായ മനുഷ്യരെ പിടിച്ചു നിർത്തുന്നതല്ല;
മറിച്ച് കേവലം സൃഷ്ടികളായ ചില മനുഷ്യർ ദൈവത്തിലുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസം കൊണ്ട് സൃഷ്ടാവിനെ പിടിച്ചു നിർത്തുന്നതാണ് വിശുദ്ധ ബൈബിളിലെ ഏറ്റവും മനോഹര രംഗങ്ങൾ .
ഇസ്രായേൽ ജനത്തെ നയിച്ച മോശയും,
സോദോം ഗോമോറാ ദേശത്തെ നശിപ്പിക്കാനൊരുങ്ങിയ ദൈവത്തെ ,
തൻ്റെ വിശ്വാസം കൊണ്ട് പിടിച്ചു നിർത്തിയ അബ്രഹാമും,
ദൈവത്തോടുള്ള വിശ്വസ്തതയും വിശ്വാസവും മൂലം ജീവിതത്തിൻ്റെ അവസാന മണിക്കൂറുകളിൽ 15 വർഷം കൂടി ആയുസ്സു നീട്ടി കിട്ടിയ ഹെസക്കിയാ പ്രവാചകനും,
പാപത്തിൻ്റെ അഴുക്കുചാലിൽ ആയിരിക്കുമ്പോഴും ദൈവദൂതരോടു കാണിച്ച വിശ്വസ്തത മൂലം രക്ഷിക്കപ്പെട്ട് തിരുവെഴുത്തുകളിൽ ഇടം നേടിയ റാഹാബ് എന്ന വേശ്യാസ്ത്രീയും,
രക്തസ്രാവക്കാരി സ്ത്രീയും,
തനിക്കുള്ളതു മുഴുവൻ ദേവാലയത്തിൽ സമർപ്പിച്ച വിധവയും, ജായ്റോസും, സീറോ ഫിനീഷ്യൻ സ്ത്രീയും, നായിനിലെ വിധവയും നല്ല കള്ളനും ….
അങ്ങനെ എത്ര എത്ര സാധാരാണ മനുഷ്യരാണ് തങ്ങളുടെ വിശ്വാസം മുലം ദൈവത്തെ പിടിച്ചു നിർത്തിയത്.
ഞാൻ എത്തിപ്പെട്ടിരിക്കുന്ന ജീവിത സാഹചര്യത്തിൻ്റെ മറുവശത്ത് എൻ്റെ ദൈവമുണ്ടെന്നും,
ഞാൻ വിളിച്ചാൽ എന്നെ സഹായിക്കാൻ അവൻ ഓടിവരുമെന്നുമുള്ള ഒരുവൻ്റെ അടിയുറച്ച വിശ്വാസമാണ് അവനെ യഥാർത്ഥ ക്രിസ്ത്യാനിയാക്കുന്നത്.
“എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ” എന്ന് യേശു പറഞ്ഞതു തന്നെ തൻ്റെ സൃഷ്ടിയുടെ നിസഹായാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ്.
മനുഷ്യൻ്റെ നിസഹായാവസ്ഥയ്ക്കുള്ള ഉത്തരമാണ് ദൈവം.
സൃഷ്ടിയുടെ നിലവിളി സൃഷ്ടാവിൻ്റെ ബലഹീനതയാണ് എന്നതിന് തിരുവചനം സാക്ഷി.
✍🏻Jincy Santhosh