വി. അല്‍ഫോന്‍സ് ലിഗോരി (1696-1787)

1696 സെപ്റ്റംബര്‍ 27 ന് ഇറ്റലിയിലെ നേപ്പിള്‍സിള്‍ എന്ന സ്ഥലത്തെ മരിയനെല്ലാ എന്ന പട്ടണത്തില്‍, ഡോണ്‍ ജോസഫിന്റെയും ഡോണ അന്ന കവലിയേറിയുടെയും എട്ടുമക്കളില്‍ ഒന്നാമനായി ജനിച്ചു. പിറന്നതിന്റെ രണ്ടാം ദിവസംതന്നെ മാതാപിതാക്കള്‍ കുഞ്ഞിന് ജ്ഞാനസ്‌നാനം നല്‍കി. ഭക്തരും തീക്ഷ്ണമതികളുമായിരുന്ന ആ മാതപിതാക്കള്‍ തങ്ങളുടെ മക്കളെ ഉറച്ച ക്രൈവസ്തവ വിശ്വാസത്തിലും സന്മാര്‍ഗ്ഗ മൂല്യങ്ങളിലും വളര്‍ത്താന്‍ ശ്രദ്ധാലുക്കളായിരുന്നു.

നന്നേചെറുപ്പത്തിലെ കളിപ്പാട്ടങ്ങളുപേക്ഷിച്ച് പുസ്തകങ്ങളെ ചങ്ങാതിമാരാക്കിയ അല്‍ഫോന്‍സസ് തന്റെ 16-ാമത്തെ വയസില്‍ സിവില്‍ നിയമത്തിലും കാനോന്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. അങ്ങനെ തന്റെ 18-ാമത്തെ വയസില്‍ അദ്ദേഹം വക്കീലായി ജോലി ആരംഭിച്ചു. ചുരുങ്ങിയ നാളില്‍ത്തന്നെ അദ്ദേഹം നേപ്പിള്‍സിലെ ഏറ്റവും പ്രഗത്ഭനായ വക്കീലായി മാറി. എട്ടുവര്‍ഷം നീണ്ട അദ്ദേഹത്തിന്റെ വക്കീല്‍ ജീവിതത്തിനിടയില്‍ വാദിച്ച കേസുകളില്‍ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ലായിരുന്നു. പക്ഷേ ആദ്യമായി അല്‍ഫോന്‍സസ് ഒരു കേസില്‍ പരാജയപ്പെട്ടു. തനിക്കുസംഭവിച്ച പരാജയം തിരിച്ചറിഞ്ഞ് പരസ്യമായി അതേറ്റുപറഞ്ഞ് അല്‍ഫോന്‍സസ് എന്നേക്കുമായി ലോകത്തിന്റെ കോടതികളോടും വക്കീല്‍ ജീവിതത്തോടും വിടപറഞ്ഞു. തിരിച്ചുവീട്ടിലെത്തിയ അല്‍ഫോന്‍സസ് മൂന്നു ദിവസത്തേക്കു യാതൊന്നും കഴിക്കാത്തെ ഏകാന്തതയില്‍ ചിലവഴിച്ചു. പിന്നീട് പുറത്തേക്കിറങ്ങിയത് ഉറച്ച തീരുമാനങ്ങളോടെയായിരുന്നു. വീട്ടില്‍നിന്നും അദ്ദേഹം നേരെ പോയത് വീണ്ടെടുപ്പിന്റെ മാതാവിന്റെ നാമത്തിലുള്ള (Our Lady of Ransom) ദൈവാലയത്തിലേക്കായിരുന്നു. അവിടെവച്ച് അത്രയുംനാള്‍ ഭൗതീക കുലീനത്ത്വത്തിന്റെ അടയാളമാമെന്നോണം അരയില്‍ ധരിച്ചിരുന്ന വാള്‍ തന്റെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി അല്‍ഫോന്‍സസ് മാതാവിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു.

ഈ സമര്‍പ്പണം വഴിതുറന്നത് പൗരോഹിത്യത്തിന്റെ പുണ്യപാതയിലേക്കായിരുന്നു. തുടര്‍ന്നുള്ള ഏതാനും ദിവസത്തെ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ശേഷം താന്‍ പുരോഹിതനായി ദൈവരാജ്യ ശുശ്രൂഷചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിയുകയും തന്റെ ആത്മീയ ഗുരുവായ ഫാ. തോമസ് പഗാനോയോട് ഈ കാര്യം അറിയിക്കുകയും ചെയ്തു. അങ്ങനെ 1726 ഡിസംബര്‍ 21 ന് അദ്ദേഹം രൂപതാ വൈദീകനായി തിരുപ്പട്ടം സ്വീകരിച്ചു. പുരോഹിതനായശേഷം അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് സമൂഹത്തിന്റെ മഖ്യധാരയില്‍നിന്നും പുറംതള്ളപ്പെട്ട് വിശ്വാസജീവിതത്തില്‍ അവഗണിക്കപ്പെട്ട മനുഷ്യര്‍ക്ക് കര്‍ത്താവിന്റെ കരുണാര്‍ദ്രസ്‌നേഹം പകര്‍ന്നുകൊടുക്കാനായിരുന്നു. അതിനായി അല്‍ഫോന്‍സസ് സായാഹ്ന കപ്പേളകള്‍ എന്നപേരില്‍ വൈകുന്നേരങ്ങളില്‍ നഗരത്തിലെ ഒഴിഞ്ഞസ്ഥലങ്ങളില്‍ ഒരുമിച്ചുകൂടി വിശ്വാസപരമായ കാര്യങ്ങള്‍ പഠിപ്പിക്കാനും പ്രാര്‍ത്ഥിക്കാനും തുടങ്ങി.

ദൈവരാജ്യത്തെപ്രതിയുളള തീക്ഷണതയാല്‍ എരിഞ്ഞ വി. അല്‍ഫോന്‍സസിന്റെ കഠിനപ്രയത്‌നം അദ്ദേഹത്തെ രോഗിയാക്കി മാറ്റി. അങ്ങനെ അധികാരികളുടെയും ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശപ്രകാരം വിശ്രമജീവിതം നയിക്കുവാനായി ഉറ്റ സുഹൃത്തുക്കളോടൊപ്പം അദ്ദേഹം അമാല്‍ഫി തീരങ്ങളിലേക്കു യാത്രതിരിച്ചു. എന്നാല്‍ ദൈവീക ഇടപെടല്‍ എന്നവണ്ണം കാറ്റിനാല്‍ നിയന്ത്രിതമായ പായ്കപ്പല്‍ അവരെ കൊണ്ടുവന്നെത്തിച്ചത് സ്‌കാലയെന്ന സ്ഥലത്തായിരുന്നു. സാവധാനത്തില്‍ അവര്‍ അവിടെയുണ്ടായിരുന്ന ഉപയോഗരഹിതമായ ഒരു ദൈവാലയത്തില്‍, കുര്‍ബാനയും കുദാശകളുമായി മുന്നോട്ടുപോയി. ആ മലമ്പ്രദേശത്ത് ആടുകളെ മേയ്ച്ചുനടന്നിരുന്ന ഇടയന്മാര്‍ ഈ പുണ്യ പുരോഹിതരുടെ സാന്നിധ്യം തിരിച്ചറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. ഇടയനില്ലാതെ അലഞ്ഞു നടന്നിരുന്ന ഈ അജഗണത്തോട് വിശുദ്ധന് അലിവ് തോന്നി. അവര്‍ക്ക് ആവശ്യമായ ആത്മീയ ശുശ്രൂഷകളും വിശ്വാസ പരിശീലനവും നല്‍കിയതിനുശേഷം ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ നേപ്പിള്‍സിലേക്കു മടങ്ങി.

്അല്‍ഫോന്‍സസിനെ സംബന്ധിച്ചെടുത്തോളം സ്‌കാലായിലെ ദിവസങ്ങള്‍ തിരിച്ചറിവിന്റെ നാളുകളായിരുന്നു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരിലേക്ക് ക്രിസ്തുവിനെ അറിയിക്കുവാനാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പലപല കാരണങ്ങളാല്‍ ആത്മീയമായ് അവഗണിക്കപ്പെട്ടിരുന്ന പാവപ്പെട്ടവരും ദരിദ്രരുമായ മനുഷ്യരാണ് തന്റെ കര്‍മ്മമണ്ഡലമെന്ന് വിശുദ്ധന്‍ മനസിലാക്കി. അങ്ങനെ 1732 നവംബര്‍ 9-ാം തീയതി ഞായറാഴ്ച സ്‌കാലയില്‍വെച്ച് അദ്ദേഹം ദിവ്യരക്ഷക സഭ സ്ഥാപിച്ചു. വി. അല്‍ഫോന്‍സസിനെ കൂടാതെ അന്ന് ദിവ്യരക്ഷകസഭയില്‍ ഉണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. സാവധാനത്തില്‍ അംഗങ്ങളുടെ എണ്ണം കൂടിവന്നു. അങ്ങനെയിരിക്കെയാണ് 1762 ഏപ്രില്‍ 19-ാം തീയതി ക്ലമന്റ് 13-ാം പാപ്പ അദ്ദേഹത്തെ അഗാത്ത രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്തത്.

ലളിതമായ ജീവിതശൈലിയും എളിമയോടെയുള്ള പെരുമാറ്റവും വിശ്രമമില്ലാത്ത കഠിനദ്ധ്വാനവും അല്‍ഫോന്‍സസിന്റെ സവിശേഷതകളായിരുന്നു. ഒരു നിമിഷംപോലും ജീവിതത്തില്‍ പാഴാക്കികളയരുത് എന്നൊരു വ്രതംപ്പോലും അദ്ദേഹം സ്വീകരിച്ചിരുന്നു. അഗാത്താ രൂപതയിലെ 13 വര്‍ഷക്കാലത്തെ സേവനത്തിനുശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ 1775 മെയ് 25 ന് അദ്ദേഹം തന്റെ മെത്രാന്‍ ചുമതലകളില്‍നിന്നും വിരമിച്ചു.

1787 ഓഗസ്റ്റ് മാസം 1-ാം തീയതി, ഉച്ചക്ക് 12 മണിക്ക് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയ്ക്കായി ആശ്രമമണി മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്റെ പ്രാണനെ ഉടയോന്റെ കരങ്ങളില്‍ സമര്‍പ്പിച്ച് അദ്ദേഹം ഈ ലോകത്തുനിന്നും നിത്യസമ്മാനത്തിനായി യാത്രയായ്… 1816 സെപ്റ്റംബര്‍ 15-ാം തിയതി ഏഴാം പീയൂസ് പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 1839 മെയ് 26-ാം തീയതി ഗ്രിഗറി 16-ാമന്‍ പാപ്പ അദ്ദേഹത്തെ വിശുദ്ദനായും പ്രഖ്യാപിച്ചു. ദൈവശാസ്ത്ര രംഗത്തെ സംഭാവനകളെ പരിഗണിച്ച് 1871 ല്‍ ഒമ്പതാം പീയുസ് പാപ്പ അദ്ദേഹത്തെ വേദപാരംഗതന്‍ എന്നും, ധാര്‍മ്മിക ദൈവശാസ്ത്ര രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ച് ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരുടെ രാജകുമാരന്‍ എന്നും വിളിച്ചു. ഇവകൂടാതെ ദൈവവിളികളുടെ മദ്ധ്യസ്ഥന്‍, ധാര്‍മ്മിക ശാസ്ത്രജ്ഞരുടെ മദ്ധ്യസ്ഥന്‍, കുമ്പസാരിപ്പിക്കുന്നവരുടെ മദ്ധ്യസ്ഥന്‍, പ്രാര്‍ത്ഥനയുടെ ആചാര്യന്‍ തുടങ്ങിയ പേരുകളിലും വിശുദ്ധന്‍ ഇന്നു വണങ്ങപ്പെടുന്നു.

91 വര്‍ഷക്കാലം ജീവന്റെയും കൃപയുടെയും നിറവില്‍ ഈ ഭൂമിയില്‍ ജീവിച്ച് ക്രിസ്തീയ ആത്മീയതക്ക് സമഗ്രസംഭാവനകള്‍ നല്‍കിയ വി. അല്‍ഫോന്‍സസ് ലിഗോരി എക്കാലത്തെയും മനുഷ്യര്‍ക്ക് വെല്ലുവിളി ഉണര്‍ത്തുന്ന മാതൃകയാണ്.