മരുഭൂമിയിൽ…, മണലാരണ്യത്തിലെ ഉഷ്ണക്കാറ്റിൽ ഒരിറ്റു വെള്ളത്തിനു വേണ്ടി ഹാഗർ ദൈവസന്നിധിയിൽ നിലവിളിച്ചു കരഞ്ഞു . “ദൈവം അവളുടെ കണ്ണുതുറന്നു. അവള് ഒരു കിണര്‍ കണ്ടു. അവള് ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാന്‍ കൊടുത്തു.”
(ഉല്പത്തി 21 : 19)
ദൈവ തിരുസന്നിധിയിൽ ഒരു തേങ്ങലും പാഴാവുന്നില്ല.
കാരണം, അവിടുന്ന് നിലവിളി കേൾക്കുന്ന ദൈവമാണ്.
കണ്ണീരിൻ്റെ നിമിഷങ്ങളിൽ …
ദൈവത്തിൻ്റെ മഹാ കൃപയുടെ നീരൊഴുക്കുകൾ കാണാനാവാത്ത വിധം
നിൻ്റെ നയനങ്ങൾ മൂടപ്പെടുന്നു.
നൊമ്പരത്തിൻ്റെ മരുഭൂമികളിലൊക്കെയും കൃപയുടെ നീരൊഴുക്കുള്ള ഒരു ജലാശയം
ജീവിതത്തിൻ്റെ ഒരു സാധ്യതയാണ്.
അവിടെയാണ് ക്രിസ്തു അസാധ്യതകളെ സാധ്യമാക്കുന്നത്.
നിൻ്റെ വിലാപങ്ങൾ ഇനി മുതൽ ഉത്സവവേളകളാക്കാൻ …..
ഹൃദയം തകർന്ന നിലവിളികൾ ആനന്ദത്തിൻ്റെ ആർപ്പുവിളികളാക്കാൻ
കണ്ണീരിൻ്റെ ആഴക്കടലിലും കരം പിടിക്കുന്ന ഒരു ദൈവമുണ്ടെന്ന തിരിച്ചറിവ്
നിനക്ക് തുണയാവട്ടെ.
പ്രത്യാശയുടെ അവസാനത്തെ തിരിനാളവും കെട്ടണഞ്ഞു കിടക്കുന്നിടത്ത്…..
അത്ഭുതങ്ങളുടെ പ്രകാശപൂരം ഉദയം ചെയ്യട്ടെ.
“ഈ എളിയവൻ നിലവിളിച്ചു.
കർത്താവ് കേട്ടു.
അവിടുന്ന് അവനെ എല്ലാ വിധ കഷ്ടതകളിലും നിന്ന് മോചിപ്പിച്ചു. “
(സങ്കീർത്തനങ്ങൾ 34:6 )
✍🏻Jincy Santhosh