മനുഷ്യജീവിതo

ദൈവം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഓരോ മനുഷ്യജീവിതവും.
ചിത്രം എന്നു പൂർത്തിയാകുമെന്നോ,
എങ്ങനെ പൂർത്തിയാകുമെന്നോ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ല.

ഓരോ മനുഷ്യൻ്റെയും വ്യക്തിത്വത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ..,
ചില വശങ്ങൾ മാത്രം കണ്ട് മനുഷ്യനെ വിധിക്കുന്നവരാണ് നമ്മൾ.

ഒരു വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും സംഘടനകളെയും സഭയെയും സമർപ്പിതരെയും ഒക്കെ നമ്മൾ ഇങ്ങനെ അനുദിനം വിധിച്ചുകൊണ്ടിരിക്കുന്നു.

മഗ്ദലന മറിയത്തിലും സമറിയാക്കാരി സ്ത്രീയിലും ലോകം കണ്ടത് അവരിലെ വ്യഭിചാരസക്തിയാണ്. എന്നാൽ ദൈവം അവരെ വിശുദ്ധികരിച്ചുയർത്തി.
ദൈവരാജ്യ പ്രഘോഷകരാക്കി.

വിക്കനായ മോശയിലും, ആട്ടിടയനായ ദാവീദിലും, നിരക്ഷരരും മുക്കുവരും ചുങ്കക്കാരുമായ ക്രിസ്തുശിഷ്യരിലും
സഭയെ പീഡിപ്പിച്ച സാവൂളിലും,
വിശുദ്ധരായി തീർന്ന ജോസഫ് കുപ്പർത്തീനോയിലും
ജോൺ മരിയ വിയാനിയിലും………….
അങ്ങനെ വരികളിലൊതുക്കാൻ കഴിയാത്ത ത്ര മനുഷ്യജീവിതങ്ങളുടെ ജീവിതചിത്രം ദൈവം പൂർത്തിയാക്കിയത് ലോകത്തിന് എന്നും വിസ്മയമായിട്ടായിരുന്നു.

ചിലർ വളരെ പെട്ടെന്ന് പൂർണതയിലേക്ക് എത്തും.
മറ്റു ചിലർ ജീവിതകാലം മുഴുവൻ അതിനു വേണ്ടി അധ്വാനിക്കേണ്ടി വരും.
അതിനാൽ, അപരൻ്റെ വ്യക്തിത്വത്തെ അവൻ ആയിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാനുള്ള മനോഭാവവും ഉൾക്കാഴ്ച്ചകളും നമുക്ക് സ്വന്തമാക്കാം.

പൂർത്തിയാകാത്ത…..,
എന്നാൽ പൂർത്തീകരിക്കപ്പെടേണ്ട മനുഷ്യജീവിതങ്ങളെ വിധിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്.

“വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്.”
( മത്തായി 7 : | )
✍🏻Jincy Santhosh