മറിയത്തോടൊപ്പം

പരിശുദ്ധ മറിയത്തിൻ്റെ മഹത്വം

 'മറിയം' എന്ന പേരിൽത്തന്നെ നാനാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു.

‘മർ ‘ എന്ന പദത്തിന് ‘മീറ ‘ എന്നും
‘യം’ എന്ന പദത്തിന് സമുദ്രം എന്നും
മൂലഭാഷയിൽ അർത്ഥമുണ്ട്.
മീറയ്ക്കു കയ്പും സുഗന്ധവുമുണ്ട്.
കയ്പുള്ളതെങ്കിലും പരിമളം നിറഞ്ഞ സുഗന്ധ വാസനയുള്ള മീറ പോലെ
കഷ്ടതകളാകുന്ന കയ്പുനിറഞ്ഞവളെങ്കിലും ….
സ്വഭാവഗുണമാകുന്ന പരിമള സുഗന്ധത്താൽ നിറഞ്ഞവളും നന്മയുടെയും കരുണയുടെയും സമുദ്രവുമാണ് മറിയം.
സ്ത്രീകൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട സകല സദ്ഗുണങ്ങളും അവളിൽ സമ്മേളിച്ചിരുന്നതുകൊണ്ട്
സ്ത്രീത്വം എന്ന അർത്ഥം’ മറിയ ‘ത്തിനുണ്ടായി.

ലോകത്തിൽ മറ്റൊരു സ്ത്രീക്കും ഉണ്ടാകാത്ത വിധം വേദനയും മനോദുഃഖവും അനുഭവിക്കേണ്ടി വന്നവളാകയാൽ …….
‘ശോക സമുദ്രം’ എന്നും വിളിക്കപ്പെട്ടു.

യഹൂദ സഭ സാക്ഷിപ്പെട്ടകത്തിൽ ന്യായപ്രമാണം അടങ്ങിയ കല്പലകളും,
അഹറോൻ്റ തളിർത്ത വടിയും,
മരുഭൂമിയിൽ വർഷിച്ച മന്നായും,
സൂക്ഷിച്ചിരുന്നതു പോലെ (ഹെബ്ര’ 9:4)
മിശിഹായെ ഉദരത്തിൽ കാത്തു സൂക്ഷിച്ച മറിയത്തിന് ‘ സാക്ഷി പെട്ടകം ‘
( വാഗ്ദാന പേടകം )എന്ന വിശേഷണമുണ്ടായി.

ലോകത്തിൻ്റെ വെളിച്ചമായി അവതരിച്ച മിശിഹായാകുന്ന മഹാ സൂര്യൻ ഉദയം ചെയ്തതിനാൽ
‘രണ്ടാമത്തെ ആകാശം’ എന്നും

ഇസ്രായേലിൻ്റെ ദാഹം തീർക്കാൻ നീരുറവ പുറപ്പെടുവിക്കും വിധം ദൈവപുത്രൻ്റെ മനുഷ്യാവതാരത്തെ നൽകിയതിനാൽ
‘തീക്കൽ പാറ ‘ എന്നും

ലോകത്തിൻ്റെ രക്ഷയ്ക്കും പുണ്യത്തിനുമായി ചിന്തപ്പെട്ട തിരുരക്തമാകുന്ന വീഞ്ഞിനെ പുറപ്പെടുവിച്ച
സ്വർഗ്ഗീയ മുന്തിരിക്കുലയാകുന്ന രക്ഷിതാവിനെ വഹിച്ച
‘ മുന്തിരിത്തണ്ട് ‘ എന്നും

മനുഷ്യരക്ഷയ്ക്കായി സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ദൈവത്തെ വിനയം മൂലം തൻ്റെ ഉദരത്തിൽ ഉൾക്കൊള്ളാൻ ഭാഗ്യം സിദ്ധിച്ചതിനാൽ ‘ഭാഗ്യവതി’ എന്നും
മറിയത്തെ വിശേഷിപ്പിക്കുന്നു.

എസെക്കിയേൽ ദീർഘദർശി അത്യുന്നതൻ്റെ
വാഹനമായി ദർശിച്ച ‘ജഡിക രഥം ‘

യേശു മിശിഹായാകുന്ന സ്വർഗ്ഗീയ പരിമളത്തെ തൻ്റെ ഉദരത്തിൽ വഹിച്ച
‘ധൂപകലശം’

എന്നിങ്ങനെ അനേക വിശേഷണങ്ങളാൽ
‘ മറിയം’ എന്ന പേരു സ്വർഗ്ഗഭൂവാസികളിൽ
മിന്നിതിളങ്ങുന്നു.

✍🏻Jincy Santhosh