” അഴകിന് അമിത വില കൽപിക്കരുത്.
അഴകില്ലെന്നോർത്ത് അവഗണിക്കരുത്.
വസ്ത്ര മോടിയിൽ അഹങ്കരിക്കരുത്.
ബഹുമാനിതനാകുമ്പോൾ ഞെളിയരുത്. “
( പ്രഭാഷകൻ 11 :2,4 )
പൊടിയും ചാരവുമായ മനുഷ്യന്
അഹങ്കരിക്കാൻ എന്തുണ്ടു്.?
ജീവിച്ചിരിക്കെത്തന്നെ അവൻ്റെ ശരീരം
ജീർണിക്കുന്നു.
ഇന്നു രാജാവ്, നാളെ ജഡം.
( പ്രഭാഷകൻ 10: 9, 11 )
മണ്ണായി മാറുമെന്നറിയുന്ന മനുഷ്യരാണ്
മണ്ണിനു മുകളിൽ മതിമറന്നഹങ്കിരിക്കുന്നത്.
എന്തും സാധ്യമെന്ന് അഹങ്കരിക്കുന്ന
മനുഷ്യന് സ്വന്തം മുഖം
നേരിൽ കാണണമെങ്കിൽ…
ഒരു കണ്ണാടിയുടെ സഹായം വേണം എന്ന്
തിരിച്ചറിയാൻ നാം വൈകുന്നു.
” ഈ രാത്രിയിൽ നിൻ്റെ ആത്മാവിനെ
നിന്നിൽ നിന്നാവശ്യപ്പെടും.
അപ്പോൾ നീ സംഭരിച്ചു വച്ചിരിക്കുന്നവ
ആരുടേതാകും…?”
(ലൂക്കാ 12:20 )
പുറമേ കാണിക്കാത്ത സ്നേഹം…,
ചിലവഴിക്കപ്പെടാത്ത പണം ….,
പകർന്നു കൊടുക്കാത്ത അറിവ് …..,
പരിപോഷിപ്പിക്കാത്ത കഴിവ്…..,
കരുണയില്ലാത്ത മനസ്സ്….,
ഉറവയില്ലാത്ത കിണർ ….,
സ്നേഹമില്ലാത്ത മക്കൾ ….,
ചിരിക്കാത്ത ചുണ്ടുകൾ….,
ഇവയെല്ലാം തുല്യമാണ്.
സംഭരിച്ചു കൂട്ടാനുള്ള കളപ്പുരകൾക്ക്
കരുണയുടെ വാതിൽ ഇല്ലാതാകുമ്പോൾ
അധാർമ്മികതയുടെ തുറന്നിട്ട കിളിവാതിലിലൂടെ ദൈവാത്മാവ് പറന്നകലുമെന്ന് ഭോഷനായ ധനികൻ്റെ
ഉപമയിലൂടെ ക്രിസ്തു പഠിപ്പിക്കുന്നു.
കരുണയുടെയും പങ്കുവയ്ക്കലിൻ്റെയും
വാതായനങ്ങൾ നമുക്ക് ഇനിയെങ്കിലും തുറന്നിടാം….
സ്വാർത്ഥതയുടെ കളപ്പുരകളിൽ നിന്ന്..,
പഴകി പോകാത്ത സുകൃതങ്ങളുടെ
നിലവറയിലേക്ക്….
ജലം ജ്വലിക്കുന്ന അഗ്‌നിയെ കെടുത്തുന്നതുപോലെ ദാനധര്‍മം പാപത്തിനു പരിഹാരമാണ്.
(പ്രഭാഷകന്‍ 3 : 30 )
✍🏻Jincy Santhosh