ദൈവം നിശബ്ദനായിരിക്കുന്നു
എന്നു തോന്നിക്കുന്ന ഈ പ്രതിസന്ധികളുടെ നാളുകളെ കടന്നു പോകുക അത്ര എളുപ്പമല്ല.
മനുഷ്യൻ കാര്യങ്ങൾ വിലയിരുത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ മെനഞ്ഞ് ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാലമാണിത്.
തിരുവെഴുത്തുകളിൽ
ലാസറിൻ്റെ രോഗാവസ്ഥ അറിയിച്ചിട്ടും, അവൻ്റെ മരണം കഴിഞ്ഞ് നാലുനാൾ വരെ
ക്രിസ്തു അടുത്തെത്തിയില്ല.
മനഃപൂർവമായ ഒരു കാലതാമസം.
അതിനു കാരണവും അവൻ വ്യക്തമാക്കുന്നുണ്ട്.
“ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല; ദൈവമഹത്വത്തിനു വേണ്ടിയാണ്.”
(യോഹന്നാൻ 11 : 4 )
എങ്കിലും നമ്മുടെയൊക്കെ ഉള്ളിൽ ഒരു മർത്താ വസിക്കുന്നുണ്ട്. “കർത്താവേ,
ഇപ്പോൾ ദുർഗന്ധം ഉണ്ടാവും.ഇത് നാലാം ദിവസമാണ്. “
ഇത്രയും വഷളായ സാഹചര്യത്തിൽ ഇനി പ്രാർത്ഥിച്ചിട്ട് എന്തു കാര്യം?
ഇതിന് അന്നും ഇന്നും ക്രിസ്തുവിന് ഒരു മറുപടിയേ ഉള്ളൂ.
“വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ.”
കാരണം അവൻ ഇന്നും ജീവിക്കുന്നു.
മരണം മർത്യ വർഗത്തിനുള്ള കർത്താവിൻ്റെ നിയമമാണ്. അതുപോലെ തന്നെ മരണ ശേഷം ക്രിസ്തുവിനോടൊപ്പമുള്ള നിത്യമായ ഉത്ഥാന ജീവിതവും മനുഷ്യവർഗത്തിന് ദൈവിക വാഗ്ദാനമാണ്.
മരണം ഒരിക്കലും നമ്മൾ നന്നാവാൻ കാത്തിരിക്കില്ല;
നമ്മൾ നന്നായി മരണത്തെ കാത്തിരിക്കണം
സ്വന്തമെന്നു കരുതുന്നവയെല്ലാം ഉപേക്ഷിച്ച് കടന്നു പോകേണ്ട ഒരു ദിനം വരും.
മരണത്തിന് ഒരു വാക്കേയുള്ളൂ.
” വരൂ പോകാം “
‘നാളെ ‘ മരണത്തിൻ്റെ മണി മുഴക്കത്തിൽ ദൈവം നിന്നെ തിരികെ വിളിക്കുമ്പോൾ
നിൻ്റെ ആത്മാവിൻ്റെ അവസ്ഥ എന്താണ്?
മണ്ണിൽ നിന്ന് ദൈവംമെനഞ്ഞുണ്ടാക്കിയവനും
അല് പ കാലം കഴിയുമ്പോൾ ദാതാവ് ഏല്പിച്ച ആത്മാവിനെ തിരികെ കൊടുത്ത്
അതേ മണ്ണിലേക്ക് മടങ്ങേണ്ടവനുമായ
മനുഷ്യൻ തൻ്റെ ജീവിതം ഗ്രസ്വമാണന്ന്
ചിന്തിക്കുന്നില്ല.
“കർത്താവേ അവസാനമെന്തെന്നും
എൻ്റെ ആയുസ്സിൻ്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ.
എൻ്റെ ജീവിതം എത്ര ക്ഷണികമാണെന്നു ഞാനറിയട്ടെ.”
(സങ്കീർത്തനം 39: 4 )
✍🏻Jincy Santhosh