മരണത്തിനപ്പുറം…

ചാരത്തിൽ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളിൽ നിന്നും പുഴു തോണ്ടുന്ന ജോബ് വിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നും പ്രത്യാശയുടെ പൊൻ കതിരുകൾ വീശുന്നു.

സഹനങ്ങളുടെ ആഴക്കയത്തിലും നിത്യതയെക്കുറിച്ചുള്ള ജോബിൻ്റെ പ്രത്യാശ അത്ര വലുതാണ്.
“എനിക്ക് ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നുവെന്നും ,അവസാനം അവിടുന്ന് എനിക്കു വേണ്ടി നിലകൊള്ളുമെന്നും ഞാൻ അറിയുന്നു.
എൻ്റെ ചർമം അഴുകി ഇല്ലാതായാലും എൻ്റെ മാംസത്തിൽ നിന്നും ഞാൻ ദൈവത്തെ കാണും. അവിടുത്തെ ഞാൻ എൻ്റെ പക്ഷത്തു കാണും.”
(ജോബ് 19 : 25-27 )

ഹൃദയത്തിൽ ഉറച്ച വിശ്വാസവും ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയും ഉണ്ടായിരുന്നിട്ടും ജോബിന് തൻ്റെ സഹനങ്ങളുടെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.
എങ്കിലും അവൻ ദൈവത്തോട് മറുതലിച്ചില്ല.

” അവിടുന്നെന്നെ പരീക്ഷിച്ചു കഴിയുമ്പോൾ ഞാൻ സ്വർണം പോലെ പ്രകാശിക്കും.”
(ജോബ് 23 :10 )
ജോബിൻ്റെ മേൽ ദൈവം അനുവദിച്ച അഗ്നിശോധനകൾ പൂർത്തിയായപ്പോൾ ദൈവം ജോബിനു വേണ്ടി നിലകൊണ്ടു.

ജീവിതവീഥികളിൽ നിൻ്റെ പരീക്ഷണങ്ങളുടെ മണലാരണ്യത്തിൽ …..
എല്ലാവരാലും പുറം തള്ളപ്പെടുന്ന കനൽക്കാടുകളിൽ……
ചങ്കോടു ചേർത്തുവച്ച സൗഹൃദങ്ങളാൽ നീ വിചാരണ ചെയ്യപ്പെടുമ്പോൾ …..
മിഴി പൂട്ടാനാവാതെ നിദ്ര മറന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നീ രാവുകൾ പകലുകളാക്കുമ്പോൾ ….
കർത്താവിൻ്റെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ കാത്തിരിക്കുക.

നിൻ്റെ അഗ്നിശോധനയുടെ കാലഘട്ടം പൂർത്തിയായിക്കഴിയുമ്പോൾ അവിടുന്ന് നിന്നെ അനുഗ്രഹിച്ചുയർത്തും.
കാരണം അഗ്നിയിൽ ഉരുക്കുന്നത് നശിപ്പിക്കാനും ഇല്ലാതാക്കാനുമല്ല.
മറിച്ച് … ,ശുദ്ധീകരിക്കാനാണ്.

” വരുന്ന ദുരിതങ്ങൾ എല്ലാം സ്വീകരിക്കുക. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്.
എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു; സഹനത്തിന്‍െറ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും.
( പ്രഭാഷകന്‍ 2 : 4 ,5 )

✍🏻Jincy Santhosh