മരണത്തിനപ്പുറം…

നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ബോധ്യ൦ നൽകുന്ന പ്രാർത്ഥനകളാണ് കത്തോലിക്ക സഭയിലെ മൃതസംസ്കാര ശുശ്രൂഷയിൽ ഉള്ളത്. അതിൽ, സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്ന കല്ലറ/ കുഴി വെഞ്ചരിപ്പ് പ്രാർത്ഥന എല്ലാ ക്രിസ്ത്യാനികൾക്കും ഒരു ധ്യാന വിഷയമാണ്.

വൈദികൻ കുഴി വെഞ്ചിരിപ്പ് പ്രാർത്ഥന ഇപ്രകാരം ചൊല്ലുന്നു. “മാമോദിസായാൽ മുദ്രിതവും പരിശുദ്ധ കുർബാനയാൽ പരിപുഷ്പവും വിശുദ്ധ തൈലത്താൽ അഭിഷിക്തവുമായ ഈ ശരീരത്തിന് കർത്താവിൻെറ രണ്ടാമത്തെ ആഗമനം വരെ വിശ്രമം കൊള്ളേണ്ട ഈ കബറിടം ആശീർവദിക്കണമേ”

എത്രമാത്രം പരിശുദ്ധിയോടെ ഓരോരുത്തരും തങ്ങളുടെ ശരീരത്തെ കാത്തുസൂക്ഷിക്കണം എന്ന വലിയ ഉത്തരവാദിത്വം ഈ പ്രാർത്ഥന നമ്മെ ഓർമിപ്പിക്കുന്നുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മുദ്രിതമായതും പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ക്രിസ്തുവിൻറെ തിരു ശരീര രക്തങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ടതും കർത്താവിൻെറ രണ്ടാമത്തെ ആഗമനത്തിന്റെ കാഹളം മുഴങ്ങുമ്പോൾ നിത്യ ജീവിതത്തിനായി ഉയർത്തെഴുന്നേൽക്കേണ്ടതുമായ ഈ ശരീരത്തെ പ്രതി ക്രിസ്ത്യാനി അഭിമാനിക്കണം
” ഭൂമിയിലെ പൊടിയിൽ ഉറങ്ങുന്ന അനേകർ ഉണരും .ചിലർ നിത്യജീവനായും ചില ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായി”
(ദാനിയേൽ 12 :2)

പഴയനിയമത്തിൽ കല്ലും മണ്ണും കൊണ്ട് നിർമ്മിച്ച ദേവാലയം പുതിയ നിയമത്തിൽ ദൈവത്തിൻെറ ചായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യശരീരമാണ് .അത് കർത്താവ് വിലകൊടുത്ത് വാങ്ങിയതാണ് .”നിങ്ങൾ നിങ്ങളുടെ സ്വന്തം അല്ല. നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ് “
(1കോറിന്തോസ് 6 :20) ദേവാലയത്തെ വിശുദ്ധമായും ആദരവോടെയും കാണുന്ന നമ്മൾ സ്വന്തം ശരീരത്തെയും അതേ വിശുദ്ധിയിലും ആദരവിലും കാത്തുസൂക്ഷിക്കണം. ഉയർന്ന വിലകൊടുത്ത് വാങ്ങിയത് ഏറ്റവും ശ്രേഷ്ഠമായി സൂക്ഷിക്കേണ്ടത് ആവശ്യവുമാണ്. ദേവാലയത്തിന് നൽകുന്ന ആദരവ് ശരീരത്തിനും നൽകിയാൽ…വിശുദ്ധി നിനക്ക് കയ്യെത്തും ദൂരത്താണ്

✍🏻Jincy Santhosh