പൂർത്തീകരണം.

ദൈവ വചനം കൈയ്യിലെടുത്തിരിക്കുന്നവരുടെ മേൽ ദൈവത്തിൻ്റെ സവിശേഷമായ ഒരു നോട്ടം പതിയും.

എത്യോപ്യക്കാരനായ ഷണ്ഡൻ രഥത്തിലിരുന്ന് ഏശയ്യായുടെ പ്രവചനം വായിച്ചത് സ്വർഗത്തിലിരുന്ന് ദൈവം കണ്ടു.
വചനം വ്യാഖ്യാനിച്ചു കൊടുക്കുവാൻ ദൈവം പീലിപ്പോസിനെ രഥത്തിനടുത്തേക്ക് പറഞ്ഞയച്ചു.
(അപ്പസ്തോല പ്രവർത്തനങ്ങൾ 8 : 29 )

സഹന കാലമെല്ലാം
വചന വായന കാലമായി മാറണം
വായന മുമ്പോട്ടു പോകുന്നതനുസരിച്ച്
ഉള്ളിൽ ആന്തരിക സന്തോഷം നിറയുന്നത് തിരിച്ചറിയാൻ കഴിയും.
ആനന്ദം പരിശുദ്ധാത്മാവിൻ്റെ സമ്മാനമാണ്.

“വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. “
( 2 തിമോത്തിയോസ് 3 : 16 )
തിരുവെഴുത്തുകളുടെ ഗ്രന്ഥകർത്താക്കൾക്ക് തെറ്റുപറ്റാതിരിക്കാനായി രചനാ വേളകളിൽ പരിശുദ്ധാത്മാവ് അവരിൽ നിറഞ്ഞിരുന്നു.

ദൈവാത്മാവ് തിരഞ്ഞെടുത്ത നാല്പ്പതിലധികം എഴുത്തുകാർ എഴു ഭൂഖണ്ഡങ്ങളിൽ ഇരുന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ 1600 വർഷങ്ങൾ കൊണ്ട് അവരവരുടേതായ രചനാശൈലിയിൽ എഴുതിയ ദൈവവചനം.
ഉത്പത്തി മുതൽ വെളിപാടു വരെ വായിക്കുന്ന ഒരു വ്യക്തിക്ക് ഓരോ പുസ്തകവും ഒന്ന് മറ്റൊന്നിൻ്റെ തുടർച്ചയായി തോന്നുന്ന വിധം പരിശുദ്ധാത്മാവ് ക്രമീകരിച്ചിരിക്കുന്നു.

പഴയ നിയമ പുസ്തകങ്ങളിലെ ചോദ്യങ്ങൾക്ക് പുതിയ നിയമ പുസ്തകങ്ങളിൽ ഉത്തരം.
പഴയ നിയമ പുസ്തകങ്ങളിലെ പ്രവചനങ്ങൾക്ക് പുതിയ നിയമത്തിൽ പൂർത്തീകരണം.

പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളിൽ കയറുന്ന അശുദ്ധിയുടെ ഇരുട്ട് വചന വായനയിലൂടെ ആത്മാവിൽ വെളിച്ചമായി മാറും.
” അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം പരക്കുന്നു.”
( സങ്കീർത്തനങ്ങൾ 119 : 130 )

“ബൈബിൾ വായിക്കുമ്പോൾ ദൈവം നിങ്ങളോട് സംസാരിക്കുന്നു.
പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ദൈവത്തോട് സംസാരിക്കുന്നു “എന്ന വിശുദ്ധ അഗസ്റ്റിൻ്റെ വാക്കുകൾ ഓർമ്മിക്കുക.
വചനം വായിക്കുമ്പോൾ ഹൃദയത്തിൽ തൊടുന്ന വരികൾ അടിവരയിട്ട് സൂക്ഷിക്കുണ൦.
അങ്ങനെ വരച്ചും കുറിച്ചും…,
നിൻെറ കണ്ണീരും വിയർപ്പും കൊണ്ട് നനഞ്ഞു൦ ബൈബിൾ വൃത്തികേടാവണ൦. നിൻെറ ബൈബിൾ വൃത്തികേടാണെങ്കിൽ നിന്റെ ജീവിതം വൃത്തിയുള്ളതാവു൦.

ഈ വചനപാരായണ മാസത്തിൽ പുതിയ ഉൾക്കാഴ്ച്ചകളോടെ പ്രകാശത്തിൻ്റെ കവചം ധരിച്ച വേദപുസ്തക വചനങ്ങളുടെ സമൃദ്ധമായ മഴയിൽ നനയാം .
ആ നനവിൽ നിന്നാണ് നമ്മുടെ സഹനാനുഭവങ്ങൾ നിറഞ്ഞ ജീവിതം സ്നാനപ്പെടുന്നത്.
വചന മഴത്തുള്ളികൾ പതിയുമ്പോൾ വെറും ചെളിയായ നമ്മുടെ ജീവിതം തങ്കം പോലെ അതിൻ്റെ തനിമയെ വീണ്ടെടുക്കും.

ക്രിസ്തുവിനോട് ചേർന്ന്,
സഭയോട് ചേർന്ന് ചിന്തിക്കാൻ …,
വചന വായന ശീലമാക്കാം.
കാരണം യേശുവിൻ്റെ ഭാഷ അനുഗ്രഹത്തിൻ്റെ ഭാഷയാണ്.

✍🏻Jincy Santhosh