ആത്മസംയമനം മനുഷ്യ ജീവിതത്തിൻ്റെ കോട്ടയാണ്.
കോട്ടയില്ലാത്ത പട്ടണം അരക്ഷിതാവസ്ഥയിലാണ്.
ഏതു സമയത്തും ശത്രുവിന് അതിനെ അനായാസം കീഴടക്കാൻ കഴിയും.
“ആത്മസംയമനമുള്ള ഹൃദയം കർത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്;
അവിടുന്ന് തനിക്ക് ഇഷ്ടമുള്ളിടത്തേക്ക്
അതിനെ ഒഴുക്കിവിടുന്നു.”
( സുഭാഷിതങ്ങൾ 21 : 1 )
മനസ്സിൻ്റെ നിയന്ത്രണമാണ് ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണത്തിന് സഹായമാകുന്നത്.
ദാവീദിനെ പോലെ അവിചാരിതമായ ഒരു നോട്ടം, ആവേശകരവും ബോധപൂർവ്വവുമായ ഒരു കാഴ്ചയായി മാറുമ്പോൾ ആത്മസംയമനം നഷ്ടമാകുന്നു.
വിലക്കപ്പെട്ട രുചികൾക്കു പിന്നാലെ പോകുന്നതും ,
നാവുകൊണ്ട് വ്യർത്ഥമായ ദുർഭാഷണം നടത്തുന്നതും ശുദ്ധതയ്ക്കെതിരാണ്.
എല്ലാ ശബ്ദങ്ങൾക്കും നേരെ തുറന്നിരിക്കുന്ന മനുഷ്യൻ്റെ കാതുകൾ
ശബ്ദങ്ങളെ വിവേചിച്ച് സ്വീകരിക്കാനാവാത്ത മനുഷ്യൻ്റെ നിസഹായതയെ ചൂണ്ടിക്കാട്ടുന്നു.
” കേൾക്കുന്നതിൽ ജാഗരൂകത”
( പ്രഭാഷകൻ 5 : 11 )വേണമെന്നും വിശുദ്ധ ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു
പ്രലോഭനങ്ങളെ അതിജീവിക്കാൻ എത്ര ശ്രമിച്ചിട്ടും വീഴുന്നുണ്ട് …
ഞാനും നീയും.
എങ്കിലും നിരാശയോ കുറ്റബോധമോ
നമ്മെ തളർത്താൻ അനുവദിക്കരുത്.
നിങ്ങൾ ഒരു പരാജയമാണെന്ന്
ഒരിക്കലും കരുതരുത്.
കാരണം ലോകത്തെ കീഴടക്കിയവൻ കൂടെയുണ്ട്.
അവൻ്റെ കരുണയുടെ കടലിൽ മുങ്ങിത്താഴാൻ നിൻ്റെ അനുതാപവും, സ്നേഹവും കാഴ്ചയായി നല്കുക.
വീണ്ടെടുക്കാനാവാത്ത വിധത്തിൽ
നീ ഇനിയും വീണു പോയിട്ടില്ല.
കാരണം…
നിങ്ങൾക്കു വേണ്ടി ഒരു മഹാപ്രപഞ്ചത്തെ
സൃഷ്ടിച്ച ദൈവത്തിന്…,
നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ കഴിയില്ലെന്ന് കരുതുന്നത് അബദ്ധമല്ലേ…?
കാലത്തെ പഴിച്ചും…
വീഴ്ച്ചയെ ശപിച്ചും ..
ആയുസ്സു തള്ളി നീക്കാതെ,
അവൻ്റെ കരുണക്കടലിൽ മുങ്ങിത്താഴാം…
ക്രിസ്തു നൽകുന്ന ആനന്ദത്തിൽ നീന്തിത്തുടിക്കാൻ….
“എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച്
വിശുദ്ധിക്കു വേണ്ടി പരിശ്രമിക്കുവിൻ.
വിശുദ്ധി കൂടാതെ ആർക്കും കർത്താവിനെ
ദർശിക്കാൻ സാധിക്കുകയില്ല.”
✍🏻Jincy Santhosh