നോമ്പ് – 9


മുളയ്ക്കാതെ പോയ വിത്തിനെല്ലാം

പറയാൻ ഒരു കഥ മാത്രമേ ഉള്ളൂ……
വേരിറക്കാൻ ഭൂമി ഞങ്ങൾക്ക്
നെഞ്ചും വിരിമാറും നൽകിയില്ല എന്ന്.

ലോകം വിജയിച്ചവൻ്റെ പിന്നാലെ പോകുമ്പോൾ
പരാജിതൻ്റെ വേദനയറിയാൻ…..
വല്ലപ്പോഴും ഒന്നു പരാജയപ്പെടുന്നത് നല്ലതാണ്.

വെറുതെ ആ രാത്രി ….
ഓർമ്മയിലേക്ക് വീണ്ടും വരുന്നു.
അവർ പന്ത്രണ്ടു പേരും ആ അത്താഴ മേശയിലുണ്ട്.
ക്രിസ്തു എന്ന അമ്മ തണലിലാണ് അവർ
തല ചായ്ച്ചിരുന്നത്.
പ്രിയശിഷ്യൻ ആ നിമിഷങ്ങളെ എത്ര സുന്ദരമായാണ് വർണ്ണിച്ചിരിക്കുന്നത്.
അവൻ ക്രിസ്തുവിൻ്റെ നെഞ്ചിൽ ചാരി മയങ്ങിയെന്നാണ് തിരുവെഴുത്ത്.

സത്യത്തിൽ ക്രിസ്തുവിൻ്റെ നെഞ്ചിൽ, അവൻ്റെ ആശ്വാസത്തണലിൽ ആരാണ് മയങ്ങാത്തത്…..?

കളിക്കാൻ വന്ന കുട്ടികളും,
വെള്ളം കൊണ്ടുവന്ന സമരിയക്കാരിയും,
വിശ്വാസം കൊണ്ടവൻ്റെ വസ്ത്ര വിളുമ്പിൽ തൊട്ട രക്തസ്രാവക്കാരിയും..,
സഹോദരൻ്റെ മരണത്തിൽ ദുഃഖിച്ചിരുന്ന മർത്ത, മറിയം സോദരികളും ..,
മഗ്ദലെന ക്കാരി മറിയവും…,
ചുങ്കം പിരിച്ചു നടന്ന ശിമെയോനും,
എടുത്തു ചാട്ടക്കാരൻ തോമസും,
ഒറ്റിക്കൊടുക്കാനിരുന്ന യൂദാസും,….

അങ്ങനെ അവൻ്റെ നെഞ്ചിൽ
ഇടം കണ്ടെത്തിയവരേറെയുണ്ട്.
നല്ല കള്ളനു പോലും അവൻ തൻ്റെ
നെഞ്ചിൽ ഇടം കൊടുത്തു എന്നത്
നമുക്ക് ആശ്വാസത്തിൻ്റെ പുതു ലഹരിയാണ്.

തെളിഞ്ഞു നിൽക്കുന്ന നിൻ്റെ വിളക്കിൻ്റെ
പ്രകാശത്തിൽ നിന്നും …..
അണഞ്ഞു പോയ ചില തിരികൾ
തെളിച്ചു നൽകുമ്പോൾ നിനക്കൊന്നും നഷ്ടപ്പെടാനില്ല.
അത് കിട്ടുന്നവർക്ക് ജീവിതത്തിൻ്റെ പുതുവെളിച്ചമാകാൻ അത്രയും മതിയാവും.

” മനുഷ്യർ നിങ്ങളുടെ സത് പ്രവർത്തികൾ കണ്ട് സ്വർഗസ്ഥനായ പിതാവിനെ
മഹത്വപ്പെടുത്തേണ്ടതിന്,
നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.”
( മത്തായി 5 : 16 )

✍🏻Jincy Santhosh