നോമ്പ് – 26

“പത്രോസ് അകലെയായി അവനെ അനുഗമിച്ചു”
(ലൂക്ക 22 :54 )

ക്രിസ്തുവിൻെറ ശിഷ്യഗണത്തിലേക്ക് വിളിക്കുമ്പോൾ ക്രിസ്തുവിനോട് കൂടെ ആയിരിക്കുവാനാണ് ശിഷ്യർക്ക് സുപ്രധാന ദൗത്യം .തന്നോട് കൂടെ ആയിരിക്കുവാൻ വിളിച്ചവനെ ,അകലമിട്ട് അനുഗമിച്ചാൽ തള്ളിപ്പറയുമെന്ന് ഉറപ്പാണ് .

അപ്പോൾ ആ പരിചാരിക പത്രോസിനോട് ചോദിച്ചു.
” നീയും ഈ മനുഷ്യൻ്റെ ശിഷ്യൻമാരിലൊരു വനല്ലേ…?”
“അല്ല ” എന്ന് അവൻ മറുപടി പറഞ്ഞു.
( യോഹന്നാൻ 18 : 17 )

കിസ്തു തൻ്റെ സഭയെ നയിക്കാൻ തിരഞ്ഞെടുത്ത…,
പാറപോലെ ചങ്കുറപ്പുള്ളവൻ..

“ഈ പാറമേൽ എൻ്റെ പള്ളി ഞാൻ പണിയും”
എന്നു പറഞ്ഞ് ശിഷ്യ പ്രമുഖനായി അവരോധിച്ച പത്രോസ്….
വെറും ഒരു ദാസി പെണ്ണിൻ്റെ
ചോദ്യത്തിനു മുന്നിൽ ഗുരുവിനെ
മൂന്നാവൃത്തി തള്ളി പറയുന്നു.

ഗുരുവിനെ ഏറ്റുപറയുവാൻ പത്രോസ് ഭയപ്പെട്ടു.
ആ തള്ളിപ്പറച്ചിലിനൊടുവിൽ ഗുരു മുഖത്തേക്ക് അവൻ തിരിഞ്ഞു നോക്കിയ നേരം…
ചങ്കിൽ കൊളുത്തി വലിക്കുന്ന ക്രിസ്തുവിൻ്റെ നോട്ടം പത്രോസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

പിന്നീട് …. വത്തിക്കാൻ്റെ വധക്കുന്നിൽ
ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രതി തലകീഴായി കുരിശിൽ തറയ്ക്കപ്പെടുമ്പോൾ
വീണ്ടും ഒരു തള്ളിപ്പറച്ചിലിന് പത്രോസ് ഇടം നൽകിയില്ല.

ക്രിസ്തുവിൻ്റെ ആ നോട്ടം കാണാൻ കഴിയാതെ ….
ഒരു വട്ടം പോലും ഗുരുമുഖത്തേക്ക് ഒന്നു നോക്കാൻ കഴിയാതെ പോയ യൂദാസ്.

യൂദാസും പത്രോസും നമ്മുടെ ജീവിതത്തിൻ്റെ രണ്ടു സാധ്യതകളാണ്.

കർത്താവേ…. കർത്താവേ…. എന്ന്
പലയാവർത്തി വിളിച്ച് കരങ്ങൾകൂപ്പി
യേശുക്രിസ്തുവിൽ നിന്നും ദാനങ്ങൾ ഏറെ സ്വീകരിക്കുന്നവർ….
നാലു പേരുടെ മുമ്പിൽ ധീരതയോടെ അവനെക്കുറിച്ച് സംസാരിക്കുവാൻ…..
കവലകളിലോ ,പൊതു ഇടങ്ങളിലോ അല്ല…
സ്വന്തം വീട്ടകങ്ങളിൽ പോലും….
അവനു സാക്ഷിയാകാൻ നമുക്കു കഴിയുന്നില്ല.

ജീവിതത്തിൽ ക്രിസ്തുവിനെയും അവൻ്റെ സഭയെയും തള്ളിപ്പറയുമ്പോഴും….,
ഒറ്റിക്കൊടുക്കുമ്പോഴും….
അധിക സ്നേഹത്തോടെ അവൻ്റെ ദൃഷ്ടി പഥത്തിനുള്ളിൽ നിൽക്കുവാൻ നിനക്കു കഴിയട്ടെ.

തിരിഞ്ഞൊന്നു നോക്കാത്ത …..
വീണ്ടും വീണ്ടും അകന്നു പോകുന്ന …
ജീവനെ നശിപ്പിക്കുന്ന മഹാപരാധം
യൂദാസിനെപ്പൊലെ നിനക്കു സംഭവിക്കാതിരിക്കട്ടെ.

✍🏻Jincy Santhosh