നോമ്പ് – 38


പുരുഷ ശിഷ്യൻമാർ എല്ലാം ഉപക്ഷിച്ചു പോയ കുരിശിൻ്റെ വഴിയിൽ അവനോടൊപ്പം സ്ത്രീസാന്നിധ്യങ്ങൾ ആയിരുന്നു ഏറെയു൦.

ഓർശ്ലേം തെരുവുകൾ ശബ്ദമുഖരിതമായി. അവർക്കു പരിചിതനായ ക്രിസ്തു കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നത് കാണുമ്പോൾ ഹൃദയം പൊട്ടുമാറ് കരയാതിരിക്കാൻ അവർക്കാവില്ലല്ലോ….
കുരിശി൯െറ വഴിയിലെ സോദരി സാന്നിധ്യങ്ങൾ….

മറിയവും സലോമിയും മറ്റ് ഒരുപാട് സ്ത്രീകളും അവൻറെ കുരിശിനു ചുവട്ടിൽ ഉണ്ടായിരുന്നു.
പേരിന് യോഹന്നാൻ എന്ന പുരുഷ സാന്നിധ്യവും.
ആ സ്ത്രീകൾക്ക് അവിടെ ആയിരിക്കാതിരിക്കാനാകില്ല കാരണം അവനോളം ആരും അവരെ മനസ്സിലാക്കിയിട്ടില്ല…
ചേർത്തു നിർത്തിയിട്ടില്ല…
അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ എന്ന അമ്മ വാക്യത്തെ അവൻ വിലവയ്ക്കുന്നു…
ഒറ്റപ്പെട്ടുപോയ അമ്മ യുടെ വിലാപത്തിനു മുന്നിൽ മകന് ഉയിരേകുന്നു…
കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുവന്നവരോട് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൻ മാറ്റിയെഴുതിയത് അവളുടെ ജീവിതം ആയിരുന്നു…

കിണറ്റിൻകരയിലെ സൗഹൃദത്തോടെ അവൻ അവൾക്ക് സമ്മാനിച്ചത് ആദ്യ സുവിശേഷ പ്രഘോഷക എന്ന സ്ഥാനമായിരുന്നു…

അവൻറെ വസ്ത്ര വിളുമ്പിൽ അവൾ സ്പർശിച്ചപ്പോൾ അവൾക്ക് ലഭിച്ചത് പുതിയൊരു ജീവിതമായിരുന്നു.

കൂനിപോയവളുടെ ജീവിതത്തെ അവൻ നേരെ നിർത്തി.

അവളുടെ സുഗന്ധതൈല കൂട്ടിന് വിലയിട്ടവനെ നോക്കി നിന്നെക്കാൾ അധികമായി അവൾ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ക്രിസ്തു…. ,
പാപിനിയെ മാലാഖമാരുടെ ചിറകിലേറ്റിയവൻ.

മർത്ത – മറിയം സോദരിമാരുടെ ആതിഥേയം സ്വീകരിക്കുന്നു… സഹോദരൻ്റെ മരണത്തിൽ വേദനിച്ചിരുന്ന അവർക്ക് അവൻ ആശ്വാസത്തിൻ്റെ മരുപ്പച്ചയായി.

ഭണ്ഡാരത്തിൽ വീണ കിഴിക്കെട്ടുകൾ കാണാതെ വിധവയുടെ ചില്ലിക്കാശിനെ അവൻ വിലവയ്ക്കുന്നു….

സത്യമാണ് ക്രിസ്തുവിനോളം വേറെയാരും ‘ അവളെ ‘ മനസ്സിലാക്കിയിട്ടില്ല……

പരസ്യജീവിതത്തിൽ ആകമാനം ക്രിസ്തുവിനോട് ചേർന്ന് നടക്കാൻ പുരുഷന്മാർ ഏറെയുണ്ടായിരുന്നു .12 ശിഷ്യന്മാർ അതുകൂടാതെ പിന്നെയും ശിഷ്യഗണങ്ങളേറെ…. എങ്കിലും കാൽവരി യാത്രയിലും അവൻെറ കുരിശുമരണനേരമൊ ക്കെയും അവനോട് ചേർന്നുനിന്നത് സ്ത്രീകളായിരുന്നു. യോഹന്നാൻ ഒഴികെ..

തെരുവീഥികളിൽ തനിക്ക് വേണ്ടി കണ്ണീരയ്ക്ക് വിലപിച്ച സ്ത്രീ ജനങ്ങളെ ആശ്വസിപ്പിക്കുമ്പോഴും ഒരു പ്രവചന ചുരുളഴിയും പോലെ ക്രിസ്തു ഓർമ്മപ്പെടുത്തി ….എന്നെ പ്രതി നിങ്ങൾ കരയേണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുക .(ലൂക്കാ 23: 28)

വീട്ടുകങ്ങളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ…. പരിഗണിക്കപ്പെടാതെ…. അർഹിക്കുന്ന ആദരവും സ്നേഹവും കിട്ടാതെ…. ഒരു നിഴൽ പോലെ ജീവിച്ചു കടന്നുപോകുന്ന സ്ത്രീകൾ ..അമ്മമാർ… കാൽവരിയിൽ എല്ലാവരും കൈവിടുന്ന നേരത്തും അവനോടുള്ള വിശ്വാസത്തിലും സ്നേഹത്തിലും ഉറച്ചുനിൽക്കുവാൻ സ്ത്രീകൾക്ക് കൃപ ലഭിച്ചു. ജീവിതത്തിന്റെ കാൽവരി അനുഭവങ്ങൾ ക്രിസ്തുവിനെ തള്ളി പറയാതെ… ചിതറിയോടാതെ… ക്രിസ്തുവിനോടും അവൻെറ സഭയോടും കൂദാശകളോടും പറ്റിച്ചേർന്നു നിൽക്കുവാൻ സ്ത്രീകൾക്ക് നൽകിയ കൃപ അവർണ്ണനീയം തന്നെ. അതിനാൽ തന്നെ മൂന്നാം നാൾ ഉയർപ്പിന്റെ സദ് വാർത്ത ആദ്യം കേൾക്കുവാനും കാണുവാനും അവൻ കരുതിവച്ചത് സ്ത്രീകൾക്കായിരുന്നു.

എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ ഉണർന്ന് ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ചുവയ്ക്കുന്നു. കാരണം എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശ൦ വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്.

ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർ പ്രാർത്ഥനകൾ മക്കളുടെ വഴികളിൽ അനുഗ്രഹമായി മാറും. ആദ്യമാതാവ് ഹവ്വായിൽ നിന്നത് ആരംഭിക്കുന്നു. കാൽവരി യാത്രയിൽ അമ്മമാർക്ക് ക്രിസ്തു കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല. നിങ്ങൾ കരയുക നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുക.

പരിശുദ്ധ അമ്മയെപ്പോലെ എല്ലാ അമ്മമാരുടെയും പവിത്ര നിയോഗമാണത്. മക്കൾക്ക് വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുക .

✍🏻Jincy Santhosh