നോമ്പ് – 45

ഈ സംഭവമെല്ലാം കണ്ടു നിന്നിരുന്ന ശതാധിപൻ ദൈവത്തെ സ്തുതിച്ചു പറഞ്ഞു.
“ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു.”
(ലൂക്കാ 23 : 47 )

ശതാധിപൻ –
പുതിയ നിയമ ആരാധനാക്രമത്തിലെ ആദ്യത്തെ ദൈവാരാധകൻ.

കുരിശിൻ്റെ വഴിയിൽ ….,
പീലാത്തോസിൻ്റെ പ്രത്തോറിയത്തിലെ വിചാരണ മുതൽ…..
കാൽവരിയിലെ ക്രിസ്തുവിൻ്റെ അന്ത്യശ്വാസം വരെയും അവനോടൊപ്പം ഉണ്ടായിരുന്ന ശതാധിപൻ.

സഹനങ്ങളോടുള്ള ക്രിസ്തുവിൻ്റെ
സമീപനം കണ്ടപ്പോൾ …
ദ്രോഹിച്ചവരോടു പോലും ക്ഷമിച്ച് അവർക്കു വേണ്ടി മരണ നേരത്തും ക്രിസ്തു പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ ….,
പരാതികളോ ശാപവാക്കുകളോ പറയാതെ,
അവസാനശ്വാസവും പ്രാർത്ഥനയാക്കി,
ശാന്തതയോടെ മരിക്കുന്നതു കണ്ടപ്പോൾ….
ക്രിസ്തു ദൈവപുത്രനാണെന്ന തിരിച്ചറിവിൽ കുരിശിൻ ചുവട്ടിൽ മുട്ടുകുത്തി
ദൈവ സന്നിധിയിലേക്ക് സ്തുതികളുയർത്തുന്ന ശതാധിപൻ.

നമ്മുടെ വിശ്വാസം….,
നമ്മുടെ ക്രിസ്തീയത…, എല്ലാം മറ്റുള്ളവർ തിരിച്ചറിയുന്നത് ജീവിതത്തിൽ എല്ലാം നന്നായി പോകുമ്പോഴല്ല; മറിച്ച്….
കാര്യങ്ങൾ ക്രമം തെറ്റുമ്പോഴും…,
പ്രതീക്ഷകൾ ഇല്ലാതാവുമ്പോഴും …
സഹനങ്ങളും ദുരിതങ്ങളും ശാന്തതയോടെ,
ദൈവാശ്രയത്വത്തോടെ നേരിടുന്നതു കാണുമ്പോഴാണ്.

സ്വർഗ്ഗരാജ്യത്തിൻ്റെ പ്രഘോഷണമാണ് നമ്മിൽ നിക്ഷിപ്തമായ ദൗത്യം.
ജീവിതത്തിലെ ഏതു നിസ്സാര പ്രവൃത്തി പോലും ഈ ദൗത്യത്തെ നാം ഉൾക്കൊണ്ടിട്ടുണ്ടോ എന്നു ലോകത്തോട് ഉദ്ഘോഷിക്കുന്നു.

ജീവിതത്തിലെ അവഗണിക്കപ്പെടാവുന്ന അനുഭവങ്ങളിൽ പോലും…
ഈ ദൗത്യത്തിൻ്റെ കനൽ കിടപ്പുണ്ട്.
ചിലർ അതിനെ ചികഞ്ഞെടുത്ത് ഊതിക്കത്തിക്കുന്നു.
മറ്റു ചിലർ മുകളിൽ ഇനിയും ചാരം മൂടിയിട് അവഗണനയുടെ മരുഭൂമി തീർത്ത്
ഹൃദയത്തിലെ സ്വർഗീയ ദൗത്യത്തെ മറന്നുകളയുന്നു.
‘മറവി’ സോദോമിൻ്റെ അവസ്ഥയിലേക്ക്
നിലംപതിക്കുന്നു.

പകരക്കാരനാകേണ്ടവൻ
അധഃപതിക്കുന്ന കാഴ്ച സ്വർഗ്ഗത്തിൻ്റെ കണ്ണീരായി മാറും….

“സുവിശേഷ മായാലേ
സുവിശേഷമേകാനാകൂ….. “

ജീവിതയാത്രയിലെ ഗലീലിയിലും,
കാനായിലും കഫർണാമിലും മാത്രമല്ല ;
കാൽവരിയിലും…. വിശ്വാസിയായിരിക്കുവാനുള്ള കൃപ
ക്രൂശിതനിൽ നിന്നും നമുക്ക് സ്വന്തമാക്കാം.

✍🏻Jincy Santhosh