നോമ്പ് – 46

മറിയം മൂന്നാം വയസ്സുമുതൽ വിവാഹ പ്രായമെത്തും വരെ ജെറുസലേം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു ജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു.

അനാഥത്വത്തിൻ്റെ വേലിയേറ്റങ്ങൾ
നിറഞ്ഞ ബാല്യം…….,
അനാഥയുടേതു പോലെയുള്ള വിവാഹം….,
ശാരീരിക ശുദ്ധിയിൽ സംശയിച്ച് ഭർത്താവിനാൽ രഹസ്യമായി ഉപേക്ഷിക്കപ്പെടുന്ന അഗ്നിപരീക്ഷ….!

നിറവയറോടെയുള്ള ബേത്‌ലഹേം യാത്ര…..,
അവിടെ സ്വന്ത ബന്ധുക്കളാൽ പോലും തിരസ്ക്കരിക്കപ്പെട്ട രാത്രി….,
കാലിത്തൊഴുത്തിൻ്റെ ദാരിദ്ര്യത്തിൽ
ഒരു വയറ്റാട്ടിയുടെ പോലും സഹായം ലഭിക്കാതെ കടിഞ്ഞൂൽ പ്രസവം…..!

ഏക മകനെ നാല്പതാം നാൾ ദൈവത്തിന് സമർപ്പിച്ചപ്പോൾ കിട്ടിയ വാഗ്ദാനം …..
തൻ്റെ ഹൃദയത്തിലൂടെ കടക്കാനിരിക്കുന്ന വ്യാകുല വാളിനെക്കുറിച്ച്…!
പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ
കൈ കുഞ്ഞുമായി ഈജിപ്തിലേക്കുള്ള ഒളിച്ചോട്ടവും അവിടെ പ്രവാസ ജീവിതവും.

പന്ത്രണ്ടാം വയസ്സിൽ മകനെ കാണാതായതിൻ്റെ വിവരിക്കാനാകാത്ത വേദന….,
അകാലത്തിൽ ഭർത്താവിൻ്റെ മരണം:
വൈധവ്യം ….
ഏക മകൻ്റെ മുപ്പത്തിമൂന്നാം വയസ്സിലെ
പീഡാനുഭവങ്ങളും കുരിശുമരണവും.

ബാല്യം മുതലേ തുടങ്ങുന്ന വ്യാകുലങ്ങൾ
അവളുടെ ജീവിതാവസാനം വരെ
ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്നു.

ഒറ്റ നോട്ടത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ……,
അവൾക്ക് ലഭിച്ച ജീവിതം
വലിച്ചെറിയാനോ
തല്ലിത്തകർക്കാനാ ഒരിക്കൽ പോലും
അവൾ മുതിർന്നില്ല.

സർവ്വം സഹയായ ഭൂമിയെപ്പോലെ ……
എല്ലാം ഏറ്റെടുക്കാൻ തയ്യാറായി
നിൽക്കുന്ന കുഞ്ഞാടിനെപ്പോലെ അവൾ സഹനങ്ങളിൽ നിന്നും ഒളിച്ചോടാതെ നിലകൊണ്ടു.സ്നേഹത്തെയും സഹനത്തെയും സംബന്ധിച്ച ആദ്യ പാഠപുസ്തകം
അമ്മയാണ്

കാൽവരിയിലെ കുരിശുമരണത്തോളം
കൂട്ടു വരുണ്ട് ആ അമ്മ.
മക്കളുടെ ഒടുക്കത്തെ മിടുപ്പു വരെ കൂടെയുള്ളവൾ…….
അതെ, …….
പാതി വഴിയിൽ വിട്ടുപേക്ഷിക്കാത്ത ആ മനസ്സിൻ്റെ പേരാണ്
‘അമ്മ മനസ്സ്’

ജീവിക്കാനുള്ള സാധ്യതകൾ ഇനിയും തീർന്നു പോയിട്ടില്ല എന്നു തന്നെയാണ് അമ്മ മറിയത്തിൻ്റെ എക്കാലത്തെയും വാദം.
സഹന വേളകളിൽ നിന്ന് ഒളിച്ചോടുന്നവരെല്ലാം ജീവിതത്തെ നേരിടാൻ ഭയക്കുന്നവരാണെന്ന് മറിയം അവളുടെ
ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.

ഉടയാത്ത സ്വപ്നങ്ങളില്ല;
വാടാത്ത പൂക്കളുമില്ല.
എങ്കിലും അവയ്ക്കെല്ലാം അപ്പുറം….
സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്ന കാലവും
വാടിയ ചെടികൾ വീണ്ടും തളിർക്കുന്ന നേരവും അതി വിദൂരത്തല്ലെന്നാണ്
മറിയത്തിൻ്റെ നിരന്തരമായ ഓർമ്മപ്പെടുത്തൽ.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം വലിച്ചെറിയാൻ കാത്തു നിൽക്കുകയാണ്
നീ എങ്കിൽ……….. ഇനി വൈകരുത്.
ആ അമ്മയുടെ അടുത്തേയ്ക്ക് നീ ചെല്ലണം.
അവൾ നിന്നെ മാറോട് ചേർക്കും…..
നിൻ്റെ മൂർദ്ധാവിൽ ചുംബിക്കും ……

ഒളിച്ചോടലുകൾ അവസാനിപ്പിച്ച് ജീവിതം എന്താണെന്ന് പഠിക്കുകയും അവളോടൊപ്പം ആർക്കും ചുവടുവയ്ക്കാനാവാത്ത
ആത്മാവിൻ്റെ വിശുദ്ധ വീഥികളിലേക്ക്
നീ നടന്നടുക്കുകയും ചെയ്യും.

✍🏻Jincy Santhosh