ഫിലിപ്പിനോയില്‍ നിന്നുളള ദൈവദാസന് ഡാര്വിന് റോമിസിന്റെ ജീവിതം ആരിലും അത്ഭുതവും ആദരവും ഉണ്ടാക്കുന്നതാണ്. ലോകത്തിന്റെ കണ്ണുകള്‍ കൊണ്ട് നോക്കുമ്പോള്‍ സന്തോഷിക്കാനോ അഭിമാനിക്കാനോ ഒന്നുമില്ലാത്ത ജീവിതം. മദ്യപാനിയായ പിതാവ്. അലക്കുകാരിയായ അമ്മ. ജീവിതം രണ്ടിടത്തും കൂട്ടിമുട്ടാത്ത അവസ്ഥയില്‍ സ്വഭാവികമായും കടന്നുവന്ന ദാരിദ്ര്യം.
മരണം വരെ അതില്‍ നിന്ന് ഡാര്വിന് മോചനം ഉണ്ടായിരുന്നുമില്ല. വിശന്നിരിക്കുന്ന എട്ടു മക്കളില്‍ മൂത്തവനായിരുന്നു ഡാര്വിന്. അഞ്ചുവയസുവരെ മാത്രമേ ഭൂരിപക്ഷത്തെയും പോലെ നടക്കുവാന്‍ പോലും അവന് കഴിഞ്ഞുള്ളൂ. അപ്പോഴേയ്ക്കും മസില് ദുര്‍ബലമായി നടക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തിയിരുന്നു. duchenne muscular dysgtrophy എന്നതായിരുന്നു രോഗം. നടക്കാന്‍ വയ്യാതെ, ദാരിദ്ര്യം മാത്രം കൈമുതലായി ജീവിക്കാനായിരുന്നു അവന്റെ വിധി.
പക്ഷേ മദ്യപാനിയായ അപ്പന്റെ മനസ്സില്‍ മകന്റെ വൈകല്യം ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി മാറുകയായിരുന്നു. മകനെ ഭിക്ഷാടനത്തിന് അയച്ചാല്‍ തനിക്കു മദ്യപിക്കാനുള്ള വക കിട്ടുമെന്ന് അയാള്‍ കണ്ടെത്തി. അതോടെ തെരുവില്‍ ഭിക്ഷയാചിച്ച് ജീവിക്കാന്‍ അവനാരംഭിച്ചു. അപമാനമായിരുന്നു അവന് അനുഭവപ്പെട്ടിരുന്നത്. പക്ഷേ അപ്പന്റെ നിര്‍ബന്ധം അവനെ അതിന് കീഴ്പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഭാഗ്യമെന്ന് പറയട്ടെ അംഗവൈകല്യം അനുഭവിക്കുന്ന കുട്ടികള്ക്കുവേണ്ടിപ്രവര്ത്തിക്കുന്ന ഒരു സമൂഹം അവനെ കണ്ടെത്തുകയും അവരുടെ കൂടെ കൂട്ടുകയും ചെയ്തു.
അതോടെ ഡാര്‍വിന്റെ ജീവിതത്തിലേക്ക് ആദ്യമായി സന്തോഷം കടന്നുവന്നു. തന്റെ ദുരിതങ്ങളിലൊന്നും ഡാര്വിന് മനസ്സ് കറുപ്പിച്ചില്ല. എപ്പോഴും സന്തോഷപ്രകൃതിയായിരുന്നു അവന്. കണ്ടുമുട്ടുന്നവര്‍ക്കെല്ലാം അവന് സന്തോഷം നല്കി. ദൈവത്തോട് ഒരു വാക്കു കൊണ്ടുപോലും അവന് പരിഭവം പറഞ്ഞതുമില്ല. ദൈവത്തില്‍ മാത്രം ശരണം വച്ചുള്ള ജീവിതമായിരുന്നു ഡാര്‍വിന്റേത്. വെറും പതിനേഴ് വയസുവരെ മാത്രമേ അവന് ഈ ഭൂമിയില്‍ ജീവിച്ചുള്ളു. അവന്റെ അവസാന വാക്ക് എന്തായിരുന്നുവെന്നോ. ദൈവമേ നിനക്ക് വലിയ നന്ദി.
ഞാന്‍ വളരെ സന്തോഷവാനാണ്. 2012 ല്‍ ആയിരുന്നു ഡാര്‍വിന്റെ മരണം. ഇന്ന് കത്തോലിക്കാസഭയിലെ ദൈവദാസപദവിയിലാണ് ഡാര്വിന്.