ലോക്ക് ഡൗണ്‍ മൂലം അടഞ്ഞുകിടക്കുന്ന ദേവാലയങ്ങള്‍. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന, വിശുദ്ധ കുര്‍ബാനയര്‍പ്പണവും സ്വീകരണവും ഇല്ലാതെ ആത്മീയജീവിതം മുരടിച്ചുപോയോ എന്ന് സ്വയം സംശയിക്കുന്ന വിശ്വാസികള്‍. ഈ സാഹചര്യത്തിലാണ് കാലത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കി പിക്കപ്പ് ട്രക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവുമായി എത്തിയിരിക്കുന്ന ഫിലിപ്പൈന്‍സിലെ ഫാ. റൊണാള്‍ഡ് റോബെര്‍ട്ടോ ശ്രദ്ധേയനാകുന്നത്.
സോഷ്യല്‍ മീഡിയായിലൂടെ സ്ഥലവും സമയവും അറിയിച്ചതിന് ശേഷം ഓരോ തെരുവുകളിലേക്കും പിക്കപ്പ് ട്രക്കില്‍ പോയി അവിടെയെത്തിച്ചേരുന്ന വിശ്വാസികള്‍ക്കായി ദിവ്യബലിയര്‍പ്പിച്ചും ദിവ്യകാരുണ്യം വിതരണം ചെയ്തും കടന്നുപോകുകയാണ് ഇദ്ദേഹം.
മെയ് 26 നാണ് അദ്ദേഹം ഈ ശുശ്രൂഷ ആരംഭിച്ചത്. വിശ്വാസികളുടെ ആവശ്യപ്രകാരമാണ് താന്‍ ഇപ്രകാരത്തിലുള്ള ശുശ്രൂഷ ആരംഭിച്ചതെന്നും അച്ചന് വ്യക്തമാക്കുന്നു. ലോക്ക് ഡൗണ്‍ ചിട്ടകള്‍ പാലിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഈ കുര്‍ബാനകളില്‍ പങ്കെടുക്കുന്നത്.
ഓരോ തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക് പിക്കപ്പ് ട്രക്കില്‍ അച്ചന് യാത്ര തുടരുകയാണ്. വിശുദ്ധ ബലി അര്‍പ്പിക്കാനും ദിവ്യകാരുണ്യം നല്‍കാനും. വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ കണക്കിലെടുത്ത് എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചും ദിവ്യബലിഅര്പ്പിക്കുന്ന അച്ചന് നമുക്ക് പ്രാര്‍ത്ഥനകള്‍ നേരാം.