വത്തിക്കാന്‍ സിറ്റി: വാഗ്ദാനത്തില്‍ വിശ്വസിക്കാന്‍ ധൈര്യം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അബ്രഹാമിന്റെ ജീവിതവുമായി ബന്ധപ്പെട്ടായിരുന്നു പാപ്പ വചനവിചിന്തനം നടത്തിയത്.
ഭോഷത്തം എന്ന് തോന്നുന്ന ഒരു യാത്ര ആരംഭിക്കാന്‍ അബ്രഹാമിനെ ദൈവം ക്ഷണിക്കുന്നു. ദേശത്തെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് വിഭിന്നമായ ഒരു ഭാവിയിലേക്ക് നീങ്ങാനാണ് ആ ക്ഷണം. അബ്രഹാം അതനുസരിക്കുന്നു. ദൈവത്തിന്റെ സ്വരം ശ്രവിക്കുകയും അവിടുത്തെ വാക്കുകള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വാഗ്ദാനത്തിലും വചനത്തിലും വിശ്വസിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അബ്രഹാം വചനത്തിന്റെ മനുഷ്യനാണ്. അദ്ദേഹം വാഗ്ദാനത്തില്‍ വിശ്വസിച്ചു. വിശ്വാസം ചരിത്രമായി ഭവിക്കുന്നതിന് അബ്രഹാമിന്റെ ജീവിതം സാക്ഷ്യം വഹിക്കുന്നു. ദൈവം ഭീതിയുളവാക്കുന്ന, അകലെയുള്ള ഒന്നല്ല സമീപസ്ഥനായി മാറുന്നു.
അബ്രഹാമിന്റെ ദൈവം എന്റെ ദൈവമായി മാറുന്ന അനുഭവം നമുക്കുണ്ടോ. നാം ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.