‘ ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ വിശ്വാസികള്‍ കരയുന്നുണ്ടായിരുന്നു’ മാസങ്ങള്‍ക്ക് ശേഷം പൊതുകുര്‍ബാന അര്‍പ്പിച്ചപ്പോള്‍ ഉണ്ടായ അനുഭവം വൈദികര്‍ പങ്കുവയ്ക്കുന്നു

മൂന്നു മാസങ്ങള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ വിശ്വാസികളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഉണ്ടായതിലുമേറെ സന്തോഷവുംഭക്തിയുമായിരുന്നു അവരുടെ കണ്ണുകളില്‍.. ലോക് ഡൗണിന് ശേഷം പൊതുകുര്‍ബാനകള്‍ പുനരാരംഭിച്ചപ്പോള്‍ വിശ്വാസികളിലുണ്ടായ പ്രതികരണങ്ങളെക്കുറിച്ച പങ്കുവയ്ക്കുകയായിരുന്നു അമേരിക്കയിലെ ചില വൈദികര്‍.

വിശ്വാസികള്‍ ഭയഭക്തിപാരവശ്യത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കാഴ്ച അത്യന്തം അവിസ്മരണീയമായിരുന്നു. എത്രയോ വിശുദ്ധ കുര്‍ബാനയില്‍ ഇതിനകം പങ്കെടുത്തിട്ടുണ്ടെങ്കിലും അതൊന്നും ഇത്രത്തോളം അനുഭവവേദ്യമായിരുന്നില്ല എന്ന മട്ടിലായിരുന്നു വിശ്വാസികള്‍. റിപ്പോര്‍ട്ട് പറയുന്നു.

വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ചും കനത്തസുരക്ഷാനിയമങ്ങള്‍ പാലിച്ചുമായിരുന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടിരുന്നത്. ആളുകള്‍ എല്ലാം സന്തോഷവാന്മാരായിരുന്നു. ഇത്രയും ദിവസം ഒറ്റയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം വിശ്വാസികളുടെ പങ്കാളിത്തത്തോടെ ബലിയര്‍പ്പിച്ചതും പ്രാര്‍ത്ഥിച്ചതും തങ്ങള്‍ക്കും അനുഭവമായിരുന്നുവെന്ന് വൈദികരും സാക്ഷ്യപ്പെടുത്തുന്നു.

എത്രയോ മനോഹരമായിരിക്കുന്നു ഈ പ്രഭാതം. നിങ്ങളെ ഈ പ്രഭാതത്തില്‍ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പോര്‍ട്ട്‌ലാന്റ് ബിഷപ് റോബര്‍ട്ട് വിശ്വാസികളോടായി പറഞ്ഞു. ഒരിക്കല്‍കൂടി ഇങ്ങനെ ബലിയര്‍പ്പിക്കാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി. അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളിലായി യുഎസിലെ പലരൂപതകളിലെയും ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചിരുന്നു.