കൊച്ചി: ജീവന്റെ സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജീവന് നശിപ്പിക്കാന്‍ നിയമം സൃഷ്ടിക്കുന്നത് നീചമാണെന്നും അതിനാല്‍ മരണസംസ്കാരത്തെ വെള്ളപൂശുന്ന ഈ നിയമത്തെ ക്രൈസ്തവസമൂഹം എതിര്‍ക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി. സി സെബാസ്റ്റ്യന്‍ പറഞ്ഞു.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് രാജ്യത്ത് നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളെ അനുസ്മരിച്ച് ഭാരത കത്തോലിക്കാസഭ ദേശീയ വിലാപദിനമായി ആചരിക്കുകയാണ്.
ഗര്ഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിക്കുക, പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുക, കരുണക്കൊന്ത, ഉപവാസം, രണ്ടുമിനിറ്റ് നേരം ദേവാലയങ്ങളില്‍ മരണമണി മുഴക്കല്‍, ബോധവല്‍ക്കരണ അനുസ്മരണ സമ്മേളനങ്ങള്‍, സാമൂഹ്യമാധ്യമ പ്രചരണപരിപാടികള്‍ തുടങ്ങിയവ ഇന്ത്യയിലുടനീളം ഇതോട് അനുബന്ധിച്ച് നടക്കും.