അക്വേറിയം സിനിമയുടെ റിലീസിംഗിന് സ്‌റ്റേ

കൊച്ചി: കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും മോശമായി ചിത്രീകരിച്ച അക്വേറിയം എന്ന സിനിമയുടെ ഒടിടി റിലീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു.

കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ള സിനിമ റിലീസ് ചെയ്യുന്നത് മതവികാരം വ്രണപ്പെടുത്തുന്നതിനും കത്തോലിക്കാസഭയെ അവഹേളിക്കുന്നതിനുമാണെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം കോഴിപ്പിള്ളി എസ് ഡി പ്രൊവിന്‍ഷ്യാല്‍ ഹൗസിലെ സിസ്റ്റര്‍ ജോസിയ, എറണാകുളം സെന്റ് റീത്താസ് കോണ്‍വെന്റിലെ സിസ്റ്റര്‍ കെ ജെ മേരി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണ ന്‍ സ്റ്റേ അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ട സാഹചര്യമുണ്ടെന്ന് സിംഗില്‍ ബെഞ്ച് വിലയിരുത്തി.

കേന്ദ്രസര്‍ക്കാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, റീജണല്‍ ഡയറക്ടര്‍ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്നിവരുള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയ്ക്കുന്നതിന് കോടതി ഉത്തരവിട്ടു. ഹര്‍ജി മെയ് 20 ന് വീണ്ടും പരിഗണിക്കും.