അഗര്‍ത്തല രൂപതയില്‍ നിന്ന് ഇതാ ആദ്യ വൈദികന്‍

അഗര്‍ത്തല:ത്രിപുര സംസ്ഥാനത്തെ ബംഗാളി കമ്മ്യൂണിറ്റിയില്‍ നിന്ന് ആദ്യമായി ഒരു വൈദികന്‍. സൊസൈറ്റി ഓഫ് ദ മിഷനറിസ് ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ അംഗമായ ഡീക്കന്‍ ശേഖര്‍ റോബിന്‍ ദാസാണ് കഴിഞ്ഞ ദിവസം അഭിഷിക്തനായത്.

അഗര്‍ത്തല ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ ബിഷപ് ലൂമെന്‍ മൊണ്ടെയ്‌റോയുടെ കൈവയ്പ് ശുശ്രൂഷവഴി അഭിഷിക്തനായപ്പോള്‍ അത് അഗര്‍ത്തലയുടെ മുഴുവന്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായിരുന്നുവെങ്കിലും പങ്കെടുക്കാന്‍ നവവൈദികന്റെ അടുത്തബന്ധുക്കളും മാതാപിതാക്കളുമായി പരിമിതമായ ആളുകളേ ഉണ്ടായിരുന്നുള്ളൂ. കോവിഡ് നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടായിരുന്നു തിരുക്കര്‍മ്മങ്ങള്‍.

1939 ല്‍ ആദ്യ ഇടവകത്രിപുരയില്‍ രൂപം കൊള്ളുകയും 1952 ല്‍ ദേവാലയം ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ബംഗ്ലാദേശ് ധാക്ക അതിരൂപതയിലെ വൈദികരാണ് ഇവിടെയുള്ള വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.

1996 ല്‍ സില്‍ച്ചാര്‍ രൂപത വിഭജിച്ചാണ് അഗര്‍ത്തല രൂപത ജന്മം കൊണ്ടത്. ബിഷപ് മൊണ്ടെയ്‌റോ ആയിരുന്നു ആദ്യ രൂപതാധ്യക്ഷന്‍. 11000 കത്തോലിക്കരും ഒമ്പത് രൂപതകളുമാണ് അന്നുണ്ടായിരുന്നത്.. ഇപ്പോള്‍ 20 ഇടവകകളും 47,000 കത്തോലിക്കരുമുണ്ട്. 4.5 മി്‌ല്യനാണ് ജനസംഖ്യ.