ഗൂണ്ടര്: ആന്ധ്രാപ്രദേശിലെ കോലാകലൂര് ഇടവകയിലെ ഫാ. ബാല ഷൗറി റെഡി( 50) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടവകദേവാലയത്തില്‍ രൂപതാധ്യക്ഷന്റെയും അമ്പതോളം വൈദികരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സംസ്കാരം നടത്തി.വിഷാദവും ഏകാന്തതയും മൂലമാണ് മരണമടഞ്ഞതെന്നാണ് പറയുന്നതെങ്കിലും സംശയങ്ങള്‍ ബാക്കിനില്‍ക്കുകയാണ്. അച്ചന് സാമൂഹ്യപ്രവര്‍ത്തകനും സംഘാടകനുമായിരുന്നുവെന്ന് ക്ലരീഷ്യന്‍ വൈദികനായ ഫാ. ജോണി കാട്ടുപ്പാറ മാധ്യമങ്ങളോട് പങ്കുവച്ചു. നല്ലൊരു ആത്മീയോപദേഷ്ടാവുമായിരുന്നു ഫാ. റെഡിയെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അതിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി പുറത്തുവിടുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. 2019 ല്‍ ഉഡുപ്പി രൂപതയിലെ ഫാ. മഹേഷ് ഡിസൂസയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 36 വയസേ അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുള്ളൂ.