മാലാഖ

മംഗളവാര്‍ത്തക്കാലം

ഒന്നാംദിവസം

മാലാഖ

സക്കറിയ ദൂതനോട് ചോദിച്ചു. ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. ദൂതന്‍ മറുപടി പറഞ്ഞു, ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോട് സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്ത നിന്നെ അറിയിക്കാനും ഞാന്‍ അയ്ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്ക് സാധിക്കുകയില്ല( ലൂക്ക: 1: 18-20)

മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നവനാണ്. അവസ്ഥയും ജീവിതവും അനുസരിച്ച് ഓരോ രീതികളില്‍ അവന്‍ പലവിധ ഭാവങ്ങള്‍ അണിയാറുണ്ട്. പക്ഷേ എന്നിട്ടും ചില നേരങ്ങളില്‍ ഓരോരുത്തരും ഓരോ മാലാഖമാരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവിചാരിതമായിട്ടായിരിക്കും അവര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ കാര്യമായിരിക്കും അവര്‍ നമ്മോട് പങ്കുവയ്ക്കുന്നതും. ജീവിതത്തില്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതിരിക്കുമ്പോഴും കാത്തിരിക്കാന്‍ ഒന്നും ഇല്ലാതെയാകുമ്പോഴും അവര്‍ ചില മംഗളകാര്യങ്ങള്‍ നമുക്ക് കൈമാറുന്നു. മുന്നോട്ടുകുതിക്കാനുളള ഊര്‍ജ്ജവും കുതിപ്പും അവയിലോരോന്നിലുമുണ്ട് താനും. ഒന്നുമില്ലാതെയിരിക്കുന്നവന്റെ ജീവിതം അതോടെ വര്‍ണ്ണാഭമാകുന്നു. അവന്റെ ജീവിതത്തില്‍ സംഗീതം നിറയുന്നു.

അത്രമേല്‍ അവിചാരിതമായിരുന്നതുകൊണ്ട് നമുക്ക് അത് അത്രമേല്‍ അവിശ്വസനീയമാകുന്നു. അന്ന് സക്കറിയായ്ക്ക് സംഭവിച്ചത് അതായിരുന്നു. മാനുഷികമായി നോക്കുമ്പോള്‍ അയാളുടെ ജീവിതം ഇനി എങ്ങനെ തളിരിടാനാണ്? കായ്കളും ഫലങ്ങളും ഉണ്ടാകാനാണ്? ഉണങ്ങിപ്പോയ ഒരു വൃക്ഷമല്ലേ അയാള്‍.

പക്ഷേ ആ വൃക്ഷമാണ് പെട്ടെന്ന് തളിരിടുന്നത്. പൂക്കളും കായ്കളും ഉണ്ടാകുന്നത്. ദൈവികചൈതന്യം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംഭവിക്കുന്നത് അതാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഒറ്റപ്പെട്ട ഒരു മേഖലയെക്കുറിച്ച് മാത്രമല്ല അത് പറയുന്നത് സമസ്തമേഖലകള്‍ക്കും അത് ബാധകമാണ്.

ഏതെങ്കിലുമൊക്കെ കാരണങ്ങളുടെ പേരില്‍ മനസ്സ് മടുത്തവരായിരിക്കാം നമ്മള്‍. എല്ലാ മടുപ്പിനെയുംവര്‍ദ്ധിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഈ കൊറോണക്കാലം. ജോലി നഷ്ടം, സാമ്പത്തികബാധ്യത. അസ്വാതന്ത്ര്യം, രോഗഭീതി..എന്തെല്ലാമാണ് നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്നത്. ഇത്തരം ഒരു അവസ്ഥയില്‍ എങ്ങനെയാണ് നമ്മുടെ ജീവിതം മംഗളകരമാകുന്നത്. സ്വഭാവികമായും അത്തരമൊരു സംശയംഉണ്ടാവാം.

പക്ഷേ ഒരു മാലാഖ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ അധിക സമയമൊന്നും വേണ്ട. ജീവിതം അത്ഭുതത്തിന് വഴിതുറക്കുന്നതും അപ്പോഴാണ്. ഒരു മാലാഖ വരും എന്ന് പ്രതീക്ഷയുള്ളതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഓരോ മാലാഖമാരാകാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന കാര്യവും. മാലാഖവരും. ഉറപ്പ്. പക്ഷേ മാലാഖമാരാകാന്‍ നമുക്ക് കഴിയുന്നുണ്ടോ?

അക്കാര്യവും കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അകന്നുപോയവനെ അടുത്തു ചേര്‍ത്തുപിടിച്ചുനിര്‍ത്താന്‍… പലവിധ കാരണങ്ങള്‍ കൊണ്ട് തളര്‍ന്നുപോയ ഒരു ചങ്ങാതിയെ കൈപിടിച്ചുയര്‍ത്താന്‍ മറ്റൊരുവന്‍ ശ്രമിച്ചതിനെക്കുറിച്ച് കഴിഞ്ഞദിവസമാണ് കേട്ടത്. ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്ന് കരുതിയ ഒരുവന്റെ ജീവിതത്തില്‍ പെയ്ത വിഷാദമഴകള്‍ക്ക് മീതെ ഒരു കുടയാകാനും നിസ്സംഗതയുടെ വെയില്‍പരപ്പില്‍ ഒരു കുട നിവര്‍ക്കാനും കഴിഞ്ഞതിനെക്കുറിച്ച് കേട്ടപ്പോള്‍ മനസ്സിലായി ഓരോരുത്തരും ഓരോ മാലാഖമാര്‍ തന്നെ.

അതെ ഓരോ മാലാഖമാരാകാനുള്ള ക്ഷണമാണ് മംഗളവാര്‍ത്തക്കാലത്തിന്റെ ഈ ആദ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അടുത്തുനില്ക്കുന്നവന് സന്തോഷകരമായ വാര്‍ത്തകള്‍ നല്കുന്നവരാകുക. അവരുടെ ജീവിതത്തില്‍ മംഗളം നിറയ്ക്കാന്‍ കഴിയുന്നതുപോലെ പ്രവര്‍ത്തിക്കുക.

വി എന്‍