വത്തിക്കാന്‍ സിറ്റി: ആഞ്ചിയോലിനോ ബോനെറ്റോ എന്ന പതിനാലു വയസുകാരന്റെ മാധ്യസ്ഥതയിലുള്ള അത്ഭുതം സ്ഥിരീകരിച്ചതോടെ ബോനെറ്റോയെ വാഴ്ത്തപ്പെട്ടപദവിയിലേക്കുയര്ത്താനുള്ള നടപടിക്രമങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു.
1963 ല്‍ ബോണ്‍ കാന്‍സര്‍ രോഗബാധിതനായി മരണമടഞ്ഞ ഇറ്റാലിയന്‍ കൗമാരക്കാരനാണ് ബോനെറ്റോ. സ്പോര്‍ട്സില്‍ അതീവതല്പരനായിരുന്ന അവന്റെ രോഗങ്ങളുടെ തുടക്കം കാല്‍മുട്ടുകളിലെ വേദനയായിട്ടായിരുന്നു. വൈകാതെ കാഴ്ചയ്ക്ക് മങ്ങലേറ്റുതുടങ്ങി. ഇതിനെതുടര്ന്നുളള വൈദ്യപരിശോധനയിലാണ് ബോണ്‍ കാന്‍സറാണെന്ന് കണ്ടെത്തിയത്.
അന്ന് അവന് 12 വയസായിരുന്നു പ്രായം. തുടര്‍ന്ന് കീമോത്തെറാപ്പിക്ക് വിധേയനാകുകയും കാല് മുറിച്ചുമാറ്റുകയും ചെയ്യേണ്ടിവന്നു. തന്റെ ശാരീരികമായ വേദനകള്‍ പാപികളുടെ മാനസാന്തരത്തിന് വേണ്ടിയായിരുന്നു അവന് സമര്‍പ്പിച്ചിരുന്നത്. ഞാന്‍ ഒന്നിനും ഭയക്കുന്നില്ല. ഈശോ എന്നെ എപ്പോഴും സഹായിക്കാന്‍ വരും എന്നതായിരുന്നു അവന്റെ വിശ്വാസം. ഓരോ വേദനയും ഓരോ ആത്മാവിനെ രക്ഷിക്കാനുള്ള മാര്‍ഗ്ഗമായി അവന് കണ്ടു മരണസമയത്ത് പരിശുദ്ധ മറിയം തന്റെ അടുക്കലുണ്ടാകുമെന്നും ശുദ്ധീകരണസ്ഥലം കൂടാതെ താന്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്നായിരുന്നു അവന് മരണസമയത്ത് അമ്മയോട് പറഞ്ഞത്.
മാതാവിന്റെ രൂപത്തിന്റെ നേരെ തല വച്ച് കൈയില്‍ കുരിശുരൂപവും വിശുദ്ധ ബെനഡിക്ടിന്റെ തിരുശേഷിപ്പുമായിട്ടാണ് അവന് മരിച്ചതും. ആഞ്ചെലിനോയുടെ നാമകരണ നടപടികള്‍ക്ക് 1998 മെയ് 19 ന് തുടക്കമായി.
2000 മെയ് ആറിന് നാമകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ദൈവദാസനില്‍ നിന്ന് ധന്യപദവിയിലുമെത്തി.