ചങ്ങനാശ്ശേരി: സഭയ്ക്കും സമൂഹത്തിനും മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയെന്നും അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും പ്രേഷിത ചൈതന്യവും അനുകരണീയ മാതൃകയാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അച്ചടക്കവും വിനയവും സൗമ്യതയും നിറഞ്ഞ പടിയറ പിതാവിന്റെ ജീവിതം മാതൃകാപരമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപും സീറോ മലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ഊട്ടി ബിഷപ് റവ ഡോ അരുളപ്പന്‍ അമല്‍രാജ് എന്നിവരുടെ പ്രസംഗങ്ങള്‍ വീഡിയോയിലൂടെ പ്രദര്‍ശിപ്പിച്ചു.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നാണ് സമ്മേളനം ആരംഭിച്ചത്. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് കുര്‍ബാന മധ്യേ സന്ദേശം നല്കി.
പടിയറ പിതാവിന്റെ തിരഞ്ഞെടുത്ത ഇടയലേഖനങ്ങള്‍, സിസ്റ്റര്‍ ജെസി എസ്എസ്എംഐ എഴുതിയ ദൈവകൃപയുടെ തീര്‍ത്ഥാടനം- കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.