കൊച്ചി: കാലം ചെയ്ത ആര്‍ച്ച് ബിഷപ് ജോസഫ് ചേന്നോത്ത് ആഴമേറിയ സഭാസ്നേഹിയായിരുന്നുവെന്നും ശാന്തമായ സംസാരവും സമീപനവും അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകളായിരുന്നുവെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്ന അദ്ദേഹം കഠിനാദ്ധ്വാനിയായിരുന്നു. പാവങ്ങളോടുളള സ്നേഹം അദ്ദേഹത്തില്‍ എന്നുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത ആധ്യാത്മികതയില്‍ അടിയുറച്ചതായിരുന്നുവെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.
ടോക്കിയോയിലെ മിഷന് ആശുപത്രിയിലാണ് ആര്‍ച്ച് ബിഷപ് ചേന്നോത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംസ്കാരം ഇടവകപ്പള്ളിയില്‍ ആകണമെന്ന ആഗ്രഹം നേരത്തെ അറിയിച്ചിരുന്നതുകൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുളള പരിശോധനാഫലങ്ങള്‍ ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികളില്‍ തീരുമാനമെടുക്കുന്നത്.