മിന്നെസോട്ട വൈദികന്റെ കൊറോണ വൈറസ് ഹോമിലികള്‍ അനുചിതം: ആര്‍ച്ച് ബിഷപ് ഹെബ്ഡ

വൈദികര്‍ വചനസന്ദേശം നല്കുമ്പോള്‍ നിലവിലുള്ള മെഡിക്കല്‍- സയന്റിഫിക് കാര്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പറയേണ്ടതില്ലെന്ന് സെന്റ് പോള്‍- മിന്നെപ്പോലിസ് ആര്‍ച്ച് ബിഷപ് ബെര്‍ണാര്‍ഡ് ഹെബ്ഡ. മിന്നെസോട്ടയിലെ ഫാ. റോബര്‍ട്ട് നല്കിയ വചനസന്ദേശം സോഷ്യല്‍ മീഡിയായില്‍ വൈറലായതിന്റെ പിന്നാലെയാണ് ആര്‍ച്ച് ബിഷപ്പിന്റെ വിശദീകരണം.

സെന്റ് റാഫേല്‍ ഇടവകയിലെ ഫാ. റോബര്‍ട്ട് സെപ്തംബര്‍ ആറിന് നല്കിയ വചനപ്രസംഗം വിവാദമായിരുന്നു. കോവിഡ് 19 മനുഷ്യനിര്‍മ്മിതമാണെന്നും നോര്‍ത്ത കരോലിനയിലെ ലാബിലാണ് വൈറസിന് ജന്മം നല്കിയതെന്നും പിന്നീട് അത് ചൈനയിലേക്ക് കയറ്റി അയ്ക്കുകയായിരുന്നുവെന്നും അവിടെനിന്ന് ലോകമെങ്ങും ജനങ്ങളെ രോഗികളാക്കാന്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് വൈദികന്‍ പ്രസംഗിച്ചത്. കൃത്യമായ ലക്ഷ്യത്തോടെയാണ് വൈറസിന് ജന്മം നല്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സത്യം പറയാന്‍ എനിക്ക് കടമയുണ്ട്. ആളുകള്‍ക്ക് അത് കേള്‍ക്കാന്‍ ഇഷ്ടമില്ലെങ്കിലും. വൈദികന്‍ പറഞ്ഞു.

വൈദികന്റെ 20 മിനിറ്റ് നേരത്തെ പ്രസംഗം യൂട്യൂബില്‍ അപ് ലോഡ് ചെയ്തപ്പോള്‍ നാലുലക്ഷം പേരാണ് അത് കണ്ടത്. പള്ളിയില്‍ ദിവ്യബലിക്കിടയിലെ വചനസന്ദേശത്തില്‍ പറയേണ്ട കാര്യമല്ല വൈദികന്‍ പ്രസംഗിച്ചത് എന്നാണ് ആര്‍ച്ച് ബിഷപ് വിശദീകരിച്ചത്. തങ്ങളുടെ രൂപതയിലെ മെത്രാനോ വൈദികരോ ആരും മെഡിക്കല്‍ രംഗത്തെ വിദഗ്ദരരല്ല എന്നും ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു.