കലപ്പ

മംഗളവാര്‍ത്താക്കാലം

അഞ്ചാം ദിവസം

കലപ്പ

അവര്‍ പോകും വഴി ഒരുവന്‍ അവനോട് പറഞ്ഞു. നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കും….. യേശുപറഞ്ഞു. കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിന് യോഗ്യനല്ല( ലൂക്ക 9: 57-62)

പിന്തിരിഞ്ഞുനോക്കാനുള്ള പ്രവണത മനുഷ്യസഹജമാണ്, അന്ന് ലോത്തിന്റെ ഭാര്യ പുറകോട്ടു തിരിഞ്ഞുനോക്കിയതുപോലെ.. ഉപേക്ഷിച്ചുപോന്നവയിലേക്ക്.. പിന്നിട്ടുപോന്നവയിലേക്ക്.. മുമ്പിലുള്ളവയുടെ സൗന്ദര്യമോ നേട്ടമോ അപ്പോള്‍ മനസ്സിലേക്ക് കടന്നുവരാറില്ല. പക്ഷേ പിന്നിലുണ്ടായിരുന്നവയെക്കുറിച്ചുള്ള ചിന്തകള്‍ ഇടയ്ക്കിടെ വന്ന് തലനീട്ടും. പിന്നിലുണ്ടായിരുന്നവയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ പിന്തിരിഞ്ഞുനോട്ടങ്ങള്‍ക്കും കാരണം. സന്യാസത്തിലേക്കും ദാമ്പത്യത്തിലേക്കും പ്രവേശിച്ചവര്‍ക്കെല്ലാം അത്തരമൊരു പ്രവണത സഹജമാണ്. അവര്‍ ഇപ്പോള്‍ എത്തിനില്ക്കുന്ന സാഹചര്യം ഒട്ടും മോശമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ എന്നിട്ടും ചിലപ്പോഴൊക്കെ നഷ്ടബോധം തോന്നും. ചെയ്തത് സാഹസികമായിരുന്നോ..അവിവേകമായിരുന്നോ.. മണ്ടത്തരമായിരുന്നോ..

ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കണമായിരുന്നോ.. ഇനിയൊരിക്കലും മടങ്ങിച്ചെല്ലാന്‍ ഒരു വഴിയും തുറന്നിട്ടില്ലല്ലോ..ഇങ്ങനെയൊരു നഷ്ടബോധം ഉള്ളില്‍ക്കയറിയാല്‍ ആ പഴയ സിനിമാ ഡയലോഗ് പോലെ ചെയ്യുന്നതെല്ലാം യാന്ത്രികമായിമാറും. അനുഗമിക്കും എന്ന് വാക്ക് കൊടുത്തിട്ടാണ് എല്ലാവരും പുതിയൊരു ജീവിതാന്തസിലേക്ക് പ്രവേശിക്കുന്നത്. പക്ഷേ എത്രത്തോളം എവിടം വരെയെന്നതാണ് മറ്റൊരു ചോദ്യം. ഇന്നുമുതല്‍ മരണം വരെയെന്നാണ് ദാമ്പത്യത്തിലെ ശപഥം. ത്യാഗം ആവശ്യപ്പെടാതെ സന്യാസമോ ദാമ്പത്യമോ ഒന്നും സഫലമാകുകയില്ല.

ഒരു ഉത്തരവാദിത്തം ഏറ്റെടുത്താല്‍ അത് പൂര്‍ത്തിയാക്കാന്‍ ധൈര്യമുണ്ടായിരിക്കണം, മനസ്സുണ്ടായിരിക്കണം. അങ്ങനെയൊരു സന്നദ്ധതയുള്ളവര്‍ക്ക് അതിനുള്ള കരുത്ത് ദൈവം തരുക തന്നെ ചെയ്യും. ഉപേക്ഷിച്ചുപോന്നവയിലേക്ക് പിന്തിരിഞ്ഞുനോക്കാതിരിക്കാനുള്ള തീരുമാനമാകട്ടെ ഈ മംഗളവാര്‍ത്താക്കാലത്തില്‍ നാമെടുക്കേണ്ട പുതിയ തീരുമാനങ്ങളിലൊന്ന്.

അപ്പോള്‍ നമ്മള്‍ കൂടുതല്‍ സംതൃപ്തിയുള്ള മനുഷ്യരാകും. സന്തോഷമുള്ള മനുഷ്യരും.
വി എന്‍