ദൈവത്തോട് മാപ്പ് ചോദിച്ച് നമുക്ക് ഉറങ്ങാന്‍ കിടക്കാം…

രാവിലെ മുതല്‍ ഈ നിമിഷം വരെ നാം എന്തുമാത്രം കാര്യങ്ങളില്‍ വ്യാപൃതരായിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ജീവിതാവസ്ഥ അനുസരിച്ചും ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ അനുസരിച്ചുമാണ് നാം ഈ ദിവസം മുഴുവന്‍ ചെലവഴിച്ചത്. പക്ഷേആഗ്രഹിച്ചതുപോലെ എല്ലാം ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. പദ്ധതിയിട്ടിരുന്നതു പലതും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ദൈവം ആഗ്രഹിച്ച വിധത്തിലായിരിക്കില്ല നാം ഇന്ന് മറ്റുള്ളവരോട് പെരുമാറിയിട്ടുണ്ടാവുക. സ്‌നേഹിക്കേണ്ടവരെ നാം വെറുത്തു, അടുത്തുനിര്‍ത്തേണ്ടവരെ അകറ്റിനിര്‍ത്തി.. ശാന്തതയോടെ സംസാരിക്കേണ്ടതിന് പകരം കോപാകുലരായി. ഉത്സാഹത്തോടെ ചെയ്യുന്നതിന് പകരം സ്വയം ശപിച്ചു. കുറെക്കൂടി മനസ്സ് വച്ചിരുന്നുവെങ്കില്‍ കുറെ ക്കൂടി നല്ലരീതിയില്‍ ഈ മണിക്കൂറുകള്‍ നമുക്ക് ചെലവഴിക്കാമായിരുന്നു. പക്ഷേ സാധിച്ചില്ല.

കഴിഞ്ഞുപോയ മണിക്കൂറുകള്‍ നമുക്കിനി തിരികെകിട്ടില്ല. എന്നാല്‍ നമുക്ക് ദൈവത്തോട് മാപ്പ് ചോദിക്കാന്‍ പറ്റും. ദൈവമേ നീ ആഗ്രഹിച്ച വിധത്തില്‍ പല കാര്യങ്ങളും ചെയ്യുവാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുന്നു. എന്റെ വ്യക്തിപരമായ ബലഹീനതകള്‍, സ്വഭാവപ്രത്യേകതകള്‍, സാഹചര്യങ്ങളുടെ സമ്മര്ദ്ദങ്ങള്‍, ഞാന്‍ വിചാരിച്ചാലും ഒഴിവാക്കാനാവാകാത്ത മറ്റ് ചില പ്രശ്‌നങ്ങള്‍… ദൈവമേ അങ്ങനെയാണ് ഇന്നേ ദിവസം ഞാന്‍ നിന്റെ ഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്. എന്നോട് ക്ഷമിക്കണമേ.

നാളെയൊരു പ്രഭാതം എനിക്കായി നീ കരുതിവച്ചിട്ടുണ്ടെങ്കില്‍ അന്ന് നീ ആഗ്രഹിക്കുന്നതുപോലെ എല്ലാം ചെയ്യാന്‍ എനിക്ക് അവസരം തരണേ.എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍