വര്‍ഷാന്ത്യത്തില്‍ സഹനങ്ങള്‍ വഴി കണക്കെടുപ്പുകള്‍ നടത്തരുത്, ചുറ്റുമുള്ള നന്മയിലേക്ക് നോക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വര്‍ഷാന്ത്യത്തിലേക്ക് നാം പ്രവേശിച്ചിരിക്കുമ്പോള്‍ നാം ഒരിക്കലും കണക്കെടുപ്പുകള്‍ നടത്തേണ്ടത് സഹനങ്ങളുടെയോ ദുരിതങ്ങളുടെയോ പകര്‍ച്ചവ്യാധികളുടെയോ പേരിലായിരിക്കരുത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറിച്ച് അനുദിനം നാം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നന്മകളെ പ്രതിയായിരിക്കണം. പ്രിയപ്പെട്ടവരുടെ സഹനങ്ങളെ പ്രതി, ചുറ്റുമുള്ളവരുടെ നന്മയെ പ്രതി. സ്വീകരിച്ചുകൊണ്ടിരിക്കുന്ന കൃപകള്‍ക്കായി ദൈവത്തോട് നന്ദിപറയുക, ഭാവിയെ ആത്മവിശ്വാസത്തോടും പ്രത്യാശയോടും കൂടി നോക്കുക. പുതുവര്‍ഷത്തിലെ മാധ്യസ്ഥനായ വിശുദ്ധ ജോസഫിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക.

അത് നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷകരവും ദൈവികകൃപകള്‍ നേടാനുമുള്ള വര്‍ഷമാക്കി മാറ്റും. കത്തോലിക്കര്‍ സന്തോഷത്തിന്റെ വഴിയിലൂടെ നടക്കേണ്ടവരാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇടവിടാതെ പ്രാര്‍ത്ഥിക്കുക, എല്ലാറ്റിനും നന്ദി പ്രകാശിപ്പിക്കുക. ക്രിസ്തുവുമായുള്ള അഭിമുഖീകരണത്തിലൂടെയാണ് സന്തോഷം പരിപോഷിപ്പിക്കപ്പെടുന്നത്. സാത്താന്‍ എപ്പോഴും നമ്മെ ഏകാകിയും നിരാശനും ഒറ്റപ്പെട്ടവനുമാക്കുന്നു. നാം ക്രിസ്തുവിലാണെങ്കില്‍ നാമൊരിക്കലും പാപം ചെയ്യുകയില്ല. ഒരു ഭീഷണിയും നമുക്കുണ്ടാവുകയുമില്ല. സന്തോഷകരമായ യാത്ര നമുക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും.

കത്തോലിക്കര്‍ നന്ദിയുടെ സംവാഹകരാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നാം നന്ദിയുള്ളവരായി മാറുമ്പോള്‍ ലോകം അതില്‍ തന്നെ കൂടുതല്‍ മെച്ചപ്പെടും. ഇന്നലെ പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. ഈ വര്‍ഷത്തെ അവസാനത്തെ പൊതുദര്‍ശനമാണ് ഇന്നലെ നടന്നത്.