ബെയ്‌റൂട്ട് ഉഗ്രസ്‌ഫോടനം വഴി ചിതറിത്തെറിച്ച ബെയ്‌റൂട്ട് നഗരത്തിലെ ജീവിതങ്ങള്‍ക്ക് ആശ്വാസവുമായി അന്താരാഷ്ട്ര കത്തോലിക്കാസമൂഹങ്ങള്‍. ഇരകളായവര്‍ക്ക് ആരോഗ്യപരമായ കാര്യങ്ങളിലും മറ്റ് അടിയന്തിരാവശ്യങ്ങളിലും സഹായവുമായിട്ടാണ് കത്തോലിക്കാസന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
കാത്തലിക് റിലീഫ് സര്‍വീസ്, കാരിത്താസ് ഇന്റര്‍നാഷനല്‍ എന്നിവയുള്‍പ്പടെ പതിനാറോളം കത്തോലിക്കാ സന്നദ്ധസംഘടനകളാണ് സേവനനിരതരായി രംഗത്തുള്ളത്. മരുന്നുകള്‍, ഹൈജീന്‍ കിറ്റ്, മാനസികപിന്തുണ, താമസസ്ഥലം, ഭക്ഷണം എന്നിവയാണ് ഒരുക്കിക്കൊടുക്കുന്നത്.
ഓഗസ്റ്റ് നാലിന് നടന്ന സ്‌ഫോടനത്തില്‍ 150 ലേറെ പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. മൂന്നു ലക്ഷത്തോളം പേരെ ദുരിതം ബാധിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.
ഉഗ്രസ്‌ഫോടനത്തിന് മുമ്പ് തന്നെ ബെയ്‌റൂട്ടിലെ ജനങ്ങളുടെ ജീവിതം ദുരിതമയമായിരുന്നു. സ്‌ഫോടനം കഴിഞ്ഞതോടെ അത് പൂര്‍വ്വാധികം ദുരിതത്തിലായിരിക്കുകയാണ്. തെരുവുകളില്‍ തകര്‍ക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങളിലാണ് ഇന്നുംപലരും ജീവിക്കുന്നത്.