ദുഷ്‌ക്കരമായ തീരുമാനമായിരുന്നു പക്ഷേ ഞാനത് പൂര്‍ണ്ണബോധ്യത്തോടെയാണ് ചെയ്തത്: രാജി വയ്ക്കലിനെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍

വത്തിക്കാന്‍ സിറ്റി: വളരെ ദുഷ്‌ക്കരമായ തീരുമാനമായിരുന്നു അത്. എന്നാല്‍ ഞാന്‍ അത് ചെയ്തത് പൂര്‍ണ്ണ ബോധ്യത്തോടെയായിരുന്നു. ഞാന്‍ വിചാരിക്കുന്നത് അത് നല്ല കാര്യമായിരുന്നു എന്നുതന്നെയാണ്. ബെനഡിക്ട് പതിനാറാമന്‍ തന്റെ ഏറ്റവും പുതിയ അഭിമുഖത്തില്‍ രാജിവച്ച തീരുമാനത്തെക്കുറിച്ച് പറഞ്ഞതാണ് ഇക്കാര്യം ഇറ്റാലിയന്‍ ന്യൂസ്‌പേപ്പറിലാണ് ഏറ്റവും പുതിയ ഈ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

93 കാരനായ പാപ്പാ പത്രപ്രവര്‍ത്തകനായ മാസിമോ ഫ്രാങ്കോയുമായിട്ടാണ് സംസാരിച്ചിരിക്കുന്നത്. തന്റെ രാജിവയ്ക്കല്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം, ജോ ബൈഡന്‍ തുടങ്ങിയവയെല്ലാം അഭിമുഖത്തില്‍ പരാമര്‍ശവിധേയമാകുന്നുണ്ട്. തന്റെ സുഹൃത്തുക്കള്‍ക്കാര്‍ക്കും ഈ തീരുമാനം സ്വീകാര്യമായിരുന്നില്ല എന്നും ബെനഡിക്ട് പതിനാറാമന്‍ ഓര്‍മ്മിക്കുന്നു. വാറ്റിലീക്ക്‌സ് സ്‌കാന്‍ഡല്‍, ഗേ ലോബി എന്നിങ്ങനെയുള്ള പലതരത്തിലുള്ള ഗൂഢാലോചനകളുടെ ഫലമായിട്ടാണ് രാജിവച്ചതെന്നാണ് അവര്‍ കരുതിയത്. മനസ്സാക്ഷി പറഞ്ഞതിന്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പായിരുന്നു അതെന്ന് അവര്‍ വിശ്വസിച്ചില്ല. എന്നാല്‍ എന്റെ മനസ്സാക്ഷി ശരിയായിരുന്നു. ഇന്നും ഒരു പാപ്പാ മാത്രമേയുള്ളൂ. ഫ്രാന്‍സിസ് മാര്‍പാപ്പ. ബെനഡിക്ട് പതിനാറാമന്‍ പറയുന്നു.

2013 ഫെബ്രുവരി 11 നാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ രാജിതീരുമാനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 ന് അത് പ്രാബല്യത്തില്‍ വന്നു. അറുനൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു ഒരു മാര്‍പാപ്പ അധികാരം സ്വമേധയാ വിട്ടൊഴിഞ്ഞത്.