ജോ ബൈഡന് അഭിനന്ദനങ്ങളുമായി യുഎസ് മെത്രാന്‍ സമിതി

വാഷിംങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് കത്തെഴുതി. സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിന് നന്ദി രേഖപ്പെടുത്തി എഴുതിയ കത്തില്‍ ദേശീയഐക്യത്തിനും രാജ്യത്തിന്റെ പൊതു നന്മയ്ക്കും വേണ്ടി നേതാക്കന്മാര്‍ ഒന്നിച്ചുനില്‌ക്കേണ്ട സമയമാണെന്നും ഓര്‍മ്മിപ്പിച്ചു.

കത്തോലിക്കരെന്നും അമേരിക്കക്കാരെന്നും നിലയിലുള്ള നമ്മുടെ മുന്‍ഗണനകള്‍ വ്യക്തമാണെന്നും ക്രിസ്തുവിനെ അനുഗമിക്കാനുള്ളവരാണ് നാമെന്നും നമ്മുടെ ജീവിതത്തില്‍ അവിടുത്തെ സ്‌നേഹത്തിന് സാക്ഷികളായിത്തീരേണ്ടവരാണ് നമ്മളെന്നും ഭൂമിയില്‍ അവിടുത്തെ രാജ്യം പടുത്തുയര്‍ത്തേണ്ടവരാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അമേരിക്കയ്ക്കുവേണ്ടി മാതാവിന്റെ മാധ്യസ്ഥവും ആര്‍ച്ച് ബിഷപ് അപേക്ഷിച്ചു. ആദ്യ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാമല ഹാരീസിനെ അഭിനന്ദിക്കാനും ആര്‍ച്ച് ബിഷപ് മറന്നില്ല.