പുഞ്ചിരിയോടെ ഒരു ഗുഡ്‌ബൈ
ക്രിസ്ത്യാനിയെ സംബന്ധിച്ച് മരണം ഒരു ആകസ്മികതയല്ല,അനിവാര്യതയാണ്. മരണം ഒരു കിരീടധാരണമാണ്. വിജയഭേരി മുഴക്കി തിരികെയെത്തുന്ന രാജകുമാരന് സ്വന്തം നാട്ടിലൊരുക്കുന്ന ഗംഭീരമായ കിരീടധാരണം എപ്രകാരമായിരിക്കുമോ അതുപോലെയാണ് ഒരു ക്രിസ്ത്യാനിക്ക് മരണം. നാം ഇവിടെ പരദേശികളും തീര്‍ത്ഥാടകരും അപരിചിതരുമാണ്. നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്. ഇഹലോകത്തെ ജീവിതസമരങ്ങളില്‍ വിശ്വസ്തതയോടെ വിജയം വരിച്ചവര്‍ക്ക് സ്വര്‍ഗ്ഗത്തിലൊരുക്കുന്ന കിരീടധാരണത്തിന്റെ ആഘോഷമാണ് മരണം.
അതുകൊണ്ടാണ് ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നുവെന്ന് മരണത്തെക്കുറിച്ച് വിശുദ്ധ പൗലോസ് പറയുന്നത്. മരണം ഒരു അവസ്ഥാന്തരമാണ്, ഭൗമകൂടാരത്തില്‍ നിന്ന് സ്വര്‍ഗ്ഗഭവനത്തിലേക്കുള്ള കൂടുമാറ്റം. ആ ഭവനം കൈപ്പണിയില്ലാത്തതാണ്. നിത്യമാണ്. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്. ഞാന്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നു.
ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങളെയും ഇരുത്തും. രക്ഷകന്റെ വാക്കുകള്‍ ആശ്വാസപൂരിതമാണ്. പ്രത്യാശാനിര്‍ഭരമാണ്. നിത്യതയുടെ തീരത്തെ അനിര്‍വചനീയമായ പുന:സമാഗമം. അതാണ് ക്രിസ്ത്യാനിയുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ അനിവാര്യതയായ മരണം നമ്മെ ക്ഷണിക്കുമ്പോള്‍ പ്രിയപ്പെട്ടവരോടു പുഞ്ചിരിയോടെ പറയാം, ഗുഡ് ബൈ..
ബില്ലി ഗ്രഹാം