വിഷാദത്തിന്റെ കാലത്ത് രക്ഷിച്ചത് വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥം: ബിഷപ് കോണ്‍ലി

നെബ്രാസ്‌ക്ക: വിഷാദത്തിന്റെ കാലത്ത് തന്നെ രക്ഷിച്ചത് യൗസേപ്പിതാവിന്റെ മാധ്യസ്ഥശക്തിയാണെന്ന് ബിഷപ് ജെയിം കോണ്‍ലി. 2019 ഡിസംബര്‍ മുതല്‍ 2020 നവംബര്‍ വരെ രൂപതയില്‍ നിന്ന് മെഡിക്കല്‍ ലീവെടുത്തു കഴിയുകയായിരുന്ന ബിഷപ് അടുത്തയിടെയാണ് താന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന മാനസികസംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും കാലത്ത് യൗസേപ്പിതാവിന്റെ മാധ്യസ്ഥം എത്രത്തോളം ശക്തിദായകമായിരുന്നുവെന്ന് വ്യക്തമാക്കിയത്.

ഇത്തരമൊരു കാലത്തിലൂടെ കടന്നുപോയപ്പോഴാണ് യൗസേപ്പിതാവിനെക്കുറിച്ചും യൗസേപ്പിതാവിന് സമര്‍പ്പണം ചെയ്യുന്നതിനെക്കുറിച്ചും വായിക്കാനിടയായത്. 2020 മെയ് മാസത്തിലായിരുന്നു അത്. യൗസേപ്പിതാവിനെക്കുറിച്ച് പുതിയ പല ചിന്താധാരകളും രൂപപ്പെട്ടുവന്നത് ഇക്കാലത്തായിരുന്നു. തുടര്‍ന്ന് യൗസേപ്പിതാവിനോടുള്ള പ്രത്യേകമായ പ്രാര്‍ത്ഥനയും സമര്‍പ്പണവും നടത്തി. മെത്രാനെന്ന നിലയിലുള്ള എന്റെ ദൗത്യങ്ങള്‍ ഏറ്റെടുക്കാനും എന്നെ പഴയതുപോലെ കരുത്തുള്ളവനാക്കാനും യൗസേപ്പിതാവിന്‌റെ മാധ്യസ്ഥം വഹിച്ച പങ്ക് തീരെ ചെറുതൊന്നുമല്ല. യൗസേപ്പിതാവിലുളള വിശ്വാസം എനിക്ക് ശക്തിയും പ്രത്യാശയും നല്കി.

മാര്‍ച്ച് 19 ന് എഴുതിയ കത്തിലാണ് ബിഷപ് കോണ്‍ലിയുടെ മനസ്സ് തുറക്കലുകള്‍. കഴിഞ്ഞവര്‍ഷത്തിന് മുമ്പു വരെ തനിക്ക് യൗസേപ്പിതാവിനോട് ശക്തമായ ഭക്തി അനുഭവപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു.