ഭരണങ്ങാനം: കോവിഡ് 19 പോലെയുള്ള മഹാമാരി നമുക്കിടയിലുണ്ടെങ്കിലും അതിനിടയിലും പ്രത്യാശയുടെ വെളിച്ചം കാണിച്ചുതരാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിയുമെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.
ഒന്നും ചെയ്യാനാവാതെ രോഗകിടക്കയില്‍ കിടക്കുമ്പോഴും അല്‍ഫോന്‍സാമ്മ കണ്ടത് പ്രത്യാശയുടെ വെളിച്ചമായിരുന്നു. പീഡാനുഭവവും മരണവും കഴിഞ്ഞുള്ള ഉയിര്‍പ്പിന്റെ വെളിച്ചം. ആ വെളിച്ചം നാം ഇപ്പോള്‍ ഭരണങ്ങാനത്ത് അനുഭവിക്കുന്നു. ആ വെളിച്ചത്തിലാണ് നാം നടക്കുന്നത്. അതുകൊണ്ട് മഹാമാരിയുടെ നടുവിലും വെളിച്ചം കാണിച്ചുതരാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിയും. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനമായ ഇന്നലെ റാസകുര്ബാനയര്പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ മുരിക്കന്‍.
ജീവിതം മുഴുവന്‍ പരാജയമെന്ന് ലോകം വിധിച്ച ഒരു വ്യക്തിയുടെ വിജയഗാഥയാണ് നാം അല്‍ഫോന്‍സാമ്മയില്‍ കാണുന്നതെന്നും പരാജയങ്ങളുടെയെല്ലാം പിറകില്‍ ഒരു വിജയം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.