കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽപ്പെട്ട കടവന്തറ ഇടവക ദേവാലയത്തിൽ വച്ച് അന്യമതസ്ഥനായ യുവാവും ക്രൈസ്തവ യുവതിയും തമ്മിലുള്ള വിവാഹ തിരുക്കർമ്മത്തിൽ പങ്കെടുത്തത് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായി മാർ മാത്യു വാണിയ കിഴക്കേൽ .
ക്രിസ്ത്യാനിയായ ഒരു വ്യക്തി മറ്റു മതത്തിൽപ്പെട്ട വ്യക്തിയെ ജീവിത പങ്കാളിയാക്കുമ്പോൾ അന്യമതത്തിൽപ്പെട്ടവർക്ക് മതം മാറാൻ താൽപര്യമില്ലെങ്കിലും ക്രിസ്തീയമായി വിവാഹം ആശീർവദിക്കാനുള്ള അനുവാദം പ്രത്യേക സാഹചര്യത്തിൽ നല്കാറുണ്ട്. ഇത്തരത്തിലുള്ള വിവാഹം പള്ളിയിൽ വച്ച് നടത്തിയാലും അത് കൂദാശയാകുന്നില്ല.കത്തോലിക്കരായ രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹമാണ് കൂദാശയായി പരിഗണിക്കപ്പെടുന്നത്. അന്യ മതത്തിൽപ്പെട്ട വ്യക്തിയുമായുളള വിവാഹം പള്ളിയിൽ വച്ച് നടത്തുമ്പോൾ തിരുകർമ്മങ്ങൾ ആഘോഷമാക്കാൻ പാടില്ലായെന്നും കഴിയുന്നത്ര ലളിതമായിരിക്കണമെന്നും സഭാനിയമം അനുശാസിക്കുന്നു. ഇത്തരം വിവാഹങ്ങളിൽ മെത്രാൻ മാർ പങ്കെടുക്കാറില്ല.
എന്നാൽ കഴിഞ്ഞ ദിവസം മാർ മാത്യു വാണിയ കിഴക്കേൽ പങ്കെടുത്ത മിശ്രവിവാഹം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷമാപണവുമായി മെത്രാൻ രംഗത്തെത്തിയത്.മിശ്രവിവാഹത്തിൽ താൻ പങ്കെടുത്തത് ക്രിസ്സ്തീയ വ്യക്തിയുമാള്ള അടുത്ത ബന്ധത്തിൻ്റെ പേരിലാണെന്നും അതിൽ ഖേദിക്കുന്നെന്നും മാർ മാത്യു വാണിയ കിഴക്കേൽ കത്തിൽ അറിയിച്ചു.