ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ശതാഭിഷിക്തന്‍

കോതമംഗലം: കോതമംഗലം രൂപതയെ 36 വര്‍ഷം നയിച്ച ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ശതാഭിഷിക്തനാകുന്നു. 1977 മുതല്‍ 2013 വരെയായിരുന്നു അദ്ദേഹം കോതമംഗലം രൂപതയെ നയിച്ചിരുന്നത്. 1977 ഏപ്രില്‍ 24 ന് ആയിരുന്നു മാര്‍ മാത്യു പോത്തനാമൂഴിയില്‍ നിന്ന് രൂപതയുടെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തത്. വടവാതൂര്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തുവരുമ്പോഴായിരുന്നു പുതിയ സ്ഥാനലബ്ധി.വിദ്യാഭ്യാസവിചക്ഷണന്‍, സംഗീതാസ്വാദകന്‍, എഴുത്തുകാരന്‍, എന്നിങ്ങനെ വിവിധതലങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കിയ ഇദ്ദേഹം ഇടുക്കി രൂപതയുടെ വളര്‍ച്ചയില്‍ പോലും ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുള്ള വ്യക്തിയാണ്.

അതുപോലെ ഇന്ന് കേരളത്തിലെ എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും പിഒസി മലയാളം ബൈബിള്‍ ഉണ്ടായിരിക്കുന്നതിന്റെ കാരണക്കാരനും ഇദ്ദേഹമാണ്. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ വിശ്രമജീവിതം നയിച്ചുവരികയാണ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍.