ശ്രീലങ്കന്‍ സഭ മാര്‍ച്ച് 7 ന് കറുത്ത ഞായര്‍ ആചരിക്കുന്നു

കൊളംബോ: ശ്രീലങ്കയിലെ കത്തോലിക്കാ സഭ മാര്‍ച്ച് ഏഴിന് ബ്ലായ്ക്ക് സണ്‍ഡേ ആയി ആചരിക്കുന്നു. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തിലെ ഇരകള്‍ക്ക് ഇനിയും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് കറുത്ത ഞായര്‍ ദിനാചരണത്തിന് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്. വിശ്വാസികള്‍ അന്നേ ദിവസം കറുത്ത വസ്ത്രമണിഞ്ഞ് ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകള്‍ക്ക് ഐകദാര്‍ഢ്യംപ്രഖ്യാപിച്ചുകൊണ്ടാണ് ഇത്. ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായി പ്രത്യേക പ്രാര്‍ത്ഥനകലും ദേവാലയങ്ങളില്‍ സംഘടിപ്പിക്കും.

ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുകയും അതിന്റെ ഇരകളായി ജീവിക്കുകയും ചെയ്തവരോടുള്ള ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. നെഗോംബോ സെന്റ് മേരീസ് ദേവാലയ വികാരി ഫാ. രഞ്ചിത്ത് ടെറി ഫെര്‍നാന്‍ഡോ അറിയിച്ചു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് കത്തോലിക്കാസഭ ഇതിനകം പലതവണ ഗവണ്‍മെന്റിനെ വിവരം അറിയിച്ചിരുന്നു. യഥാര്‍ത്ഥ പ്രതികളെ അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നില്ലെന്നാണ് ആരോപണം.

279 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഐഎസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയിട്ടില്ല.