കാതു കേള്‍ക്കില്ല, സംസാരിക്കുകയുമില്ല, എങ്കിലും ബ്ര. ജോസഫ് വൈദികനാകും. ചരിത്രം തിരുത്തിയ ഒരു ദൈവവിളിയുടെ കഥ

ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബധിരനും മൂകനുമായ ഒരു വ്യക്തി വൈദികനാകാന്‍ പോകുന്നു. ബ്ര. ജോസഫ് തോമസ് തേര്‍മഠമാണ് ചരിത്രം തിരുത്തുന്ന ആ വ്യക്തി. ഹോളിക്രോസ് സന്യാസസമൂഹത്തിന് വേണ്ടി വൈദികനാകുന്ന ഇദ്ദേഹത്തിന്റെ പ്രഥമ വ്രതവാഗ്ദാനം ഇന്നലെ തമിഴ്‌നാട്, ഏര്‍ക്കാട് വച്ച് നടന്നു.

ഇനി നാലുവര്‍ഷത്തെ പരിശീലനം കൂടി കഴിഞ്ഞാല്‍ ബ്ര. ജോസഫ്, ഫാ, ജോസഫാകും,അള്‍ത്താരയിലെ ബലിയര്‍പ്പകനാകും.

നന്നേ ചെറുപ്പം മുതല്‍ക്കേ വൈദികനാകണമെന്നതായിരുന്നു ജോസഫിന്റെ ആഗ്രഹം. പക്ഷേ തന്റെ പരിമിതികള്‍ അതിന് അനുവദിക്കുമോയെന്ന പേടി അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴാണ് കാഴ്ചവൈകല്യമുള്ള ഒരാള്‍ വൈദികനായ വാര്‍ത്ത അദ്ദേഹം അറിയുന്നത്. അത് വൈദികനാകാനുള്ള ആഗ്രഹത്തെ ബലപ്പെടുത്തി. തുടര്‍ന്ന് തന്റെ ആഗ്രഹവുമായി ഹോളിക്രോസ് സന്യാസസമൂഹത്തെ സമീപിക്കുകയായിരുന്നു. ജോസഫിന്റെ തീക്ഷ്ണത മനസ്സിലാക്കിയ സഭ അദ്ദേഹത്തെ തങ്ങളുടെ ഇടയിലേക്ക് സ്വീകരിച്ചു.

അങ്ങനെ 2017 ല്‍ ഹോളിക്രോസ് സഭയില്‍ അംഗമായി. നൊവിഷ്യേറ്റ് പഠനത്തിന് ശേഷം പ്രഥമവ്രതവാഗ്ദാനം നടത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ തേര്‍മഠം തോമസ്- റോസി ദമ്പതികളുടെ മകനാണ്. ബ്ര.ജോസഫിന്റെ സഹോദരനും ബധിരനും മൂകനുമാണ്.