കാലിഫോര്‍ണിയ: കാലിഫോര്‍ണിയായില്‍ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ ഇന്നലെ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇന്‍ഡോറായി നടത്തിവരുന്ന എല്ലാ പ്രോഗ്രാമുകള്‍ക്കും വിലക്ക് ബാധകമാണ്. ഇതനുസരിച്ച് ജിം, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ അടച്ചിടും. എന്നാല്‍ ഔട്ട് ഡോര്‍ പ്രോഗ്രാമുകള്‍ക്ക് ഇത് ബാധകമല്ല.
ഇതനുസരിച്ച് ദേവാലയത്തിന്റെ വെളിയില്‍ ഗ്രൗണ്ടിലായി കുമ്പസാരം, ആദ്യകുര്‍ബാന, ശവസംസ്‌കാരം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടത്താവുന്നതാണ്. മാസ്ക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്ന് മാത്രം. കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതലായിരിക്കുന്ന സ്റ്റേറ്റുകളിലൊന്നാണ് കാലിഫോര്‍ണിയ.
തുടക്കത്തില്‍ തന്നെ 330,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 7000 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 48 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേസുകളുടെ നിരക്ക് 26 ശതമാനമായിവര്‍ദ്ധിച്ചു. ഐസിയു കേസുകള്‍ 19 ശതമാനവും. 72 ശതമാനം വെന്റിലേറ്ററുകളുടെയും 35 ശതമാനം ഐസിയു ബെഡുകളുടെയും സൗകര്യമേ ഇപ്പോള്‍ ഇവിടെയുള്ളൂ.