ആതുരശുശ്രൂഷാരംഗത്ത് ക്രിസ്തീയമായ കരുതലും സാന്ത്വനവും നടപ്പിലാക്കിയ ഭരണാധികാരിയാണ് ശൈലജടീച്ചര്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ആതുരശുശ്രൂഷാരംഗത്ത് ക്രിസ്തീയമായ കരുതലും സാന്ത്വനവും നടപ്പിലാക്കിയ ഭരണാധികാരിയാണ് ശൈലജടീച്ചര്‍ എന്ന് സീറോ മലബാര്‍ സഭ മേജര്‍ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്മായ കമ്മീഷന്‍ സംഘടിപ്പിച്ച പഠനശിബിരത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ സുപ്രധാന വേദിയാണ് ആരോഗ്യമേഖലയെന്നും രോഗപ്രതിരോധതലത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് നയങ്ങളാണ് മന്ത്രി കെ. കെ ശൈലജ നടപ്പാക്കിയതെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഏതു മുന്നണി വന്നാലും ശൈലജ ടീച്ചര്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വികസനം എല്ലാ തലത്തിലും എല്ലാ ഇടങ്ങളിലും എന്ന പേരിലുള്ള ദ്വിദിന പഠനശിബിരത്തില്‍ ഏഴു സെഷനുകളിലായി ഏഴു സുപ്രധാന വിഷയങ്ങളെക്കുറിച്ച് 76 പേര്‍ പ്രസംഗിച്ചു. പഠനശിബിരത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിച്ചു സര്‍ക്കാരിനും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കും.