ജയിലിലെ ദിവസങ്ങള്‍ കൃപയുടെയും ദൈവികദാനത്തിന്റെയും സമയമായിരുന്നു: കര്‍ദിനാള്‍ പെല്‍

വാഷിംങ്ടണ്‍: ജയിലിലെ തന്റെ ദിവസങ്ങള്‍ കൃപയുടെയും ദൈവികദാനത്തിന്റെയുമായിരുന്നുവെന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍. തന്റെ ജയില്‍ ജീവിതത്തെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകളുടെ പ്രകാശനത്തോട് അനുബന്ധിച്ചുള്ള പ്രസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ പെല്‍. ജയില്‍ തന്നെ സംബന്ധിച്ചിടത്തോളം ആത്മീയമായ ധ്യാനത്തിന്റെ അവസരമായിരുന്നു. ജയില്‍ ജീവിതത്തെക്കുറിച്ചുള്ള തന്റെ കുറിപ്പുകള്‍ അനേകരെ സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും കര്‍ദിനാള്‍ പെല്‍ പറഞ്ഞു. ഒരുപക്ഷേ അവര്‍ ജയിലിലായിരിക്കില്ല. എന്നാല്‍ ജീവിതത്തിലെ വളരെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിലൂടെയായിരിക്കും അവര്‍ കടന്നുപോകുന്നത്. അദ്ദേഹം പറഞ്ഞു. ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായി 404 ദിവസമാണ് കര്‍ദിനാള്‍ പെല്‍ ജയിലില്‍ കഴിച്ചുകൂട്ടിയത്. ഇതില്‍ 400 ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോലും അവസരമുണ്ടായിരുന്നില്ല. അമ്പതു വര്‍ഷം പിന്നിട്ട പൗരോഹിത്യജീവിതത്തില്‍ തന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ അനുഭവമായിരുന്നുവെന്നും കര്‍ദിനാള്‍ പെല്‍ അനുസ്മരിച്ചു. കര്‍ദിനാള്‍ പെല്ലിന്റെ ജയില്‍ ജീവിതത്തെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകള്‍ മൂന്നു വാല്യങ്ങളിലായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.